കോട്ടയം: കോട്ടയം യുഡിഎഫ് നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യനെതിരെ എൽഡിഎഫ് ന്റെ അവിശ്വാസ പ്രമേയം വെള്ളിയാഴ്ച്ച ചർച്ചയ്‌ക്കെടുക്കാനിരിക്കെ നിർണായ നീക്കങ്ങൾക്ക് സാധ്യത. അവിശ്വാസ പ്രമേയത്തിൽ ഈരാറ്റുപേട്ടയ്ക്ക് പിന്നാലെ കോട്ടയം നഗരസഭയിലും 'പിന്തുണ' നിർണ്ണായകമായേക്കും.
52 അംഗങ്ങളുള്ള കോട്ടയം നഗരസഭയിൽ യുഡിഎഫ് നു 22 അംഗങ്ങളും എൽഡിഎഫ് നു 22 അംഗങ്ങളും ബിജെപിക്ക് 8 അംഗങ്ങളുമാണുള്ളത്. അവിശ്വാസ പ്രമേയം പാസാക്കാൻ 27 അംഗങ്ങളുടെ പിന്തുണ ആവശ്യമാണെന്നിരിക്കെ ബിജെപിയുടെ പിന്തുണ നിർണ്ണായകമാകും. ഭരണ സ്തംഭനം ആരോപിച്ചതാണ് നഗരസഭാ ചെയർപേഴ്സണെതിരെ എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ട് വന്നിരിക്കുന്നത്. വെള്ളിയാഴ്ച്ച 11 മണിക്ക് നഗരസഭാ കൗൺസിൽ ഹാളിൽ അവിശ്വാസ പ്രമേയം ചർച്ചയ്‌ക്കെടുക്കും.
ഈരാറ്റുപേട്ട നഗരസഭയിൽ എൽഡിഎഫ് അവിശ്വാസം പാസാകുന്നതിൽ നിർണായകമായത് എസ്‍ഡിപിഐ പിന്തുണയാണ്. അവിശ്വാസ പ്രമേയത്തിന്മേൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ എൽഡിഎഫ് നേതൃത്വം തയ്യാറായിട്ടില്ല. കാത്തിരുന്നു കാണാം എന്ന മറുപടിയിലൊതുക്കുകയാണ് എൽഡിഎഫ്. എന്നാൽ വെള്ളിയാഴ്ച്ച നിർണ്ണായക നീക്കങ്ങൾക്ക് സാധ്യതയുള്ളതായാണ് സൂചന. ഭാഗ്യം കൊണ്ട് മാത്രം നഗരസഭാ ഭരണം കരസ്ഥമാക്കിയ യുഡിഎഫ് നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കാനുള്ള കരുക്കൾ എൽഡിഎഫ് അണിയറയിൽ ഒരുക്കിയിട്ടുണ്ട്. ബിജെപി അംഗങ്ങളുടെ പിന്തുണ ലഭിക്കുകയോ യുഡിഎഫ് അംഗങ്ങൾ മറുകണ്ടം ചാടുകയോ ചെയ്യാതെ അവിശ്വാസ പ്രമേയം പാസാകാനുള്ള പിന്തുണ ലഭിക്കില്ല. നഗരസഭാ ഭരണത്തിൽ എതിർപ്പ് രേഖപ്പെടുത്തുമ്പോഴും അവിശ്വാസ പ്രമേയത്തിൽ എന്ത് നിലപാട് എടുക്കണമെന്ന് സംസ്ഥാന നേതൃത്വവുമായി ആലോചിച്ചു തീരുമാനിക്കുമെന്നാണ് ബിജെപി യുടെ നിലപാട്. തദ്ദേശ സ്വയംഭരണ വകുപ്പ് റീജ്യണല്‍ ജോയിന്‍റ് ഡയറക്ടര്‍ക്ക് ഇടത് കൗണ്‍സിലറായ ഷീജാ അനിലിന്‍റെ നേതൃത്വത്തിലാണ് നോട്ടീസ് നല്‍കിയത്. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്നും ഒറ്റക്കെട്ടായി അവിശ്വാസ പ്രമേയത്തെ ചെറുത്ത് തോല്‍പ്പിക്കുമെന്നും യുഡിഎഫ് പറയുന്നു. 'പിന്തുണ'യ്ക്കൊപ്പം ഈ അവിശ്വാസ പ്രമേയം യുഡിഎഫ് നു നിർണ്ണായകമാണ്. ഈരാറ്റുപേട്ട നഗരസഭയിൽ എസ്ഡിപിഐ അംഗങ്ങളുടെ പിന്തുണയും കോൺഗ്രസ്സ് ഒരംഗത്തിന്റെ പിന്തുണയിലുമാണ് നഗരസഭാ അധ്യക്ഷ സുഹ്‌റ അബ്‌ദുൾഖാദറിനെതിരെയുള്ള അവിശ്വാസ പ്രമേയം പാസായത്. 28 അംഗങ്ങളുണ്ടായിരുന്ന ഈരാറ്റുപേട്ട നഗരസഭയിൽ യുഡിഎഫ് –14, എൽഡിഎഫ് –9, എസ്ഡിപിഐ – 5 എന്നിങ്ങനെയായിരുന്നു അംഗങ്ങൾ ഉണ്ടായിരുന്നത്.