കോട്ടയം നഗരസഭയിൽ ചെയർപേഴ്സണെതിരെ അവിശ്വാസ പ്രമേയം ഇന്ന്, ബിജെപി യുടെ നിലപാട് നിർണ്ണായകം.


കോട്ടയം: കോട്ടയം നഗരസഭയിൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനെതിരെ എൽഡിഎഫ് ന്റെ അവിശ്വാസ പ്രമേയം ഇന്ന്. ഇന്ന് 11 മണിക്ക് നഗരസഭാ കൗൺസിൽ ഹാളിൽ അവിശ്വാസ പ്രമേയം ചർച്ചയ്‌ക്കെടുക്കും. അവിശ്വാസ പ്രമേയം ഇന്ന് ചർച്ചയ്‌ക്കെടുക്കാനിരിക്കെ നിർണായ നീക്കങ്ങൾക്ക് സാധ്യത. അവിശ്വാസ പ്രമേയത്തിൽ ഈരാറ്റുപേട്ടയ്ക്ക് പിന്നാലെ കോട്ടയം നഗരസഭയിലും 'പിന്തുണ' നിർണ്ണായകമായേക്കും. 52 അംഗങ്ങളുള്ള കോട്ടയം നഗരസഭയിൽ യുഡിഎഫ് നു 22 അംഗങ്ങളും എൽഡിഎഫ് നു 22 അംഗങ്ങളും ബിജെപിക്ക് 8 അംഗങ്ങളുമാണുള്ളത്. അവിശ്വാസ പ്രമേയം പാസാക്കാൻ 27 അംഗങ്ങളുടെ പിന്തുണ ആവശ്യമാണെന്നിരിക്കെ ബിജെപിയുടെ പിന്തുണ നിർണ്ണായകമാകും. ഭരണ സ്തംഭനം ആരോപിച്ചതാണ് നഗരസഭാ ചെയർപേഴ്സണെതിരെ എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ട് വന്നിരിക്കുന്നത്. ചർച്ചകളും നീക്കങ്ങളും മൂന്നു മുന്നണികളിലും സജീവമായി നടക്കുകയാണ്. അവിശ്വാസ പ്രമേയത്തിൽ എന്ത് നിലപാട് സ്വീകരിക്കണമെന്നത് സംസ്ഥാന നേതൃത്വമാണ് പറയുന്നതെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. അവിശ്വാസ പ്രമമേയം വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് എന്ന് ഷീജ അനിൽ പറഞ്ഞു. ഇടത് കൗണ്‍സിലറായ ഷീജാ അനിലിന്‍റെ നേതൃത്വത്തിലാണ് നോട്ടീസ് നല്‍കിയത്. അതേസമയം അവിശ്വാസ പ്രമേയത്തിൽ നിന്നും യുഡിഎഫ് അംഗങ്ങൾ വിട്ടുനിൽക്കാനാണ് സാധ്യത. ഈരാറ്റുപേട്ട നഗരസഭയിൽ എൽഡിഎഫ് അവിശ്വാസം പാസാകുന്നതിൽ നിർണായകമായത് എസ്‍ഡിപിഐ പിന്തുണയാണ്. അവിശ്വാസ പ്രമേയത്തിന്മേൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ എൽഡിഎഫ് നേതൃത്വം തയ്യാറായിട്ടില്ല. ഭാഗ്യം കൊണ്ട് മാത്രം നഗരസഭാ ഭരണം കരസ്ഥമാക്കിയ യുഡിഎഫ് നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കാനുള്ള കരുക്കൾ എൽഡിഎഫ് അണിയറയിൽ ഒരുക്കിയിട്ടുണ്ട്. ബിജെപി അംഗങ്ങളുടെ പിന്തുണ ലഭിക്കുകയോ യുഡിഎഫ് അംഗങ്ങൾ മറുകണ്ടം ചാടുകയോ ചെയ്യാതെ അവിശ്വാസ പ്രമേയം പാസാകാനുള്ള പിന്തുണ ലഭിക്കില്ല. കോൺഗ്രസ്സ് വിമതയായി വിജയിക്കുകയും പിന്നീട് യുഡിഎഫിൽ എത്തുകയും നറുക്കെടുപ്പിലൂടെ ചെയര്പേഴ്സണാകുകയുമായിരുന്നു ബിൻസി സെബാസ്റ്റ്യൻ.