കുറുപ്പന്തറ: കൃഷി വകുപ്പ് മന്ത്രിയായി പി. പ്രസാദ് ചുമതലയേറ്റ ശേഷം ആദ്യമായി സന്ദർശനം നടത്തിയ കൃഷിഭവനായി കടുത്തുരുത്തി മാഞ്ഞൂർ പഞ്ചായത്തിലെ കൃഷിഭവൻ. കർഷക കൂട്ടായ്മയിൽ പങ്കെടുക്കുന്നതിന് കുറുപ്പന്തറ കമ്മ്യൂണിറ്റി ഹാളിൽ എത്തിച്ചേർന്നപ്പോഴാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയും കർഷക പ്രതിനിധികളുടെയും ആഗ്രഹം എംഎൽഎ മോൻസ് ജോസഫ് കൃഷി വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

 

 ഉടൻ തന്നെ മന്ത്രിയുടെ തീരുമാനം വന്നു. ആദ്യം കൃഷിഭവൻ സന്ദർശിക്കാമെന്ന് പറഞ്ഞ് കൊണ്ട് കോരിച്ചൊരിയുന്ന മഴയത്ത് മന്ത്രി പി.പ്രസാദ് രണ്ടാം നിലയിലുള്ള കൃഷിഭവനിലേക്ക് നടന്നു. കുറുപ്പന്തറ സംഘ മൈത്രിയിലും, കൃഷിഭവനിലും എത്തിച്ചേർന്ന മന്ത്രി പി. പ്രസാദിനെ പൊന്നാടയണിയിച്ച് അഡ്വ. മോൻസ് ജോസഫ് എംഎൽഎ യും ഒരു കുട്ട നിറയെ പച്ചക്കറി നൽകി കൃഷി വകുപ്പ് ഉദ്യോഗസ്ഥരും കർഷക പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു.

 

 കോവിഡ് കാലഘട്ടമായത് കൊണ്ട് കൃഷിഭവൻ ഓഫീസിനുള്ളിൽ ഇതുവരെ നേരിട്ട് പോകുന്നത് ഒഴിവാക്കിയിരിക്കുകയായിരുന്നു എന്ന് മന്ത്രി പറഞ്ഞു. കൃഷി വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ശേഷം സംസ്ഥാനത്ത് ആദ്യമായി കൃഷിമന്ത്രി സന്ദർശനം നടത്തിയ കൃഷിഭവനായി മാഞ്ഞൂർ കൃഷിഭവൻ മാറിയതായി മന്ത്രി പി. പ്രസാദ് വ്യക്തമാക്കി. കുറുപ്പന്തറയിലെ കൃഷിക്കാർക്ക് ലഭിച്ച അപ്രതീക്ഷിത ഭാഗ്യമായി കൃഷി മന്ത്രിയുടെ സന്ദർശനം മാറിയതായി അഡ്വ. മോൻസ് ജോസഫ് എംഎൽഎ യും മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രനും പറഞ്ഞു.