കോട്ടയം: ആരോഗ്യ മേഖലയിൽ കാരിത്താസ് ആശുപത്രിയുടെ പങ്ക് അവിസ്മരണീയമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മധ്യതിരുവിതാംകൂറിലെ ആരോഗ്യ സേവന രംഗത്ത് 60 വർഷം പൂർത്തിയാക്കുന്ന കാരിത്താസ് ആശുപത്രിയുടെ ഡയമണ്ട് ജൂബിലി ആഘോഷങ്ങൾ ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ ശനിയാഴ്ച്ച കാരിത്താസ് എഡ്യുസിറ്റി ക്യാംപസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. മഹാമാരിയുടെ കാലത്ത് ആശുപത്രി സേവനങ്ങളുടെ പ്രാധാന്യം എല്ലാവരും മനസ്സിലാക്കിയതാണ്. ആരോഗ്യ സേവന മേഖലയിൽ കൂടുതൽ ഇടപെടലുകൾ നടത്താൻ കാരിത്താസിനു കഴിയട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.
അനേകരുടെ നിസ്വാർത്ഥ സേവനമാണ് മധ്യകേരളത്തിലെ മികച്ച ആരോഗ്യ സംരക്ഷണം ഉറപ്പാക്കാനും മികച്ച ചികിത്സാ സേവനങ്ങൾ നൽകാനും കാരിത്താസ് ആശുപത്രിക്ക് കഴിഞ്ഞതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ചടങ്ങിൽ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത ബിഷപ് മാർ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. രജിസ്‌ട്രേഷൻ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ, ബിഷപ് മാർ ജോസഫ് പണ്ടാരശ്ശേരിൽ, ബിഷപ് മാർ ഗീവർഗീസ് അപ്രേം, തോമസ് ചാഴികാടൻ എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, ആശുപത്രി ഡയറക്ടർ ഫാ. ഡോ ബിനു കുന്നത്ത്, ഫാ. ജിനു കാവിൽ, ആശുപത്രി മെഡിക്കൽ ഡയറക്ടർ ബോബി എൻ എബ്രഹാം, ഡയമണ്ട് ജൂബിലി ഓർഗനൈസിങ് കമ്മിറ്റി സെക്രട്ടറി ഡോ. ബോബൻ തോമസ് തുടങ്ങിയവർ പങ്കെടുത്തു. അറുപത്ന്റെ നിറവിലെത്തിയ കാരിത്താസ് ആശുപത്രി ഡയമണ്ട് ജൂബിലിയുടെ ഭാഗമായി നിരവധി സഹായ പദ്ധതികളും സൗജന്യ സേവനങ്ങളും ആശുപത്രി പ്രഖ്യാപിച്ചിട്ടുണ്ട്.