മഹാമാരിക്കാലത്ത് കരുതലിന്റെ പ്രതിരോധം തീർത്ത് കോട്ടയത്തെ വാക്സിനേഷൻ സെന്ററുകളിൽ കർമ്മനിരതരായി സിവിൽ ഡിഫൻസ് സേനാംഗങ്ങൾ, സേവനം 100 ദിവസം പിന്നിട്ടു.


കോട്ടയം: പ്രളയവും കോവിടുമടക്കം മഹാമാരികൾ ഒന്നിന് പിന്നാലെ മറ്റൊന്നായി അപ്രതീക്ഷിതമായി എത്തുമ്പോൾ ദുരന്തമുഖത്ത് വിറങ്ങലിച്ചു നിൽക്കുന്ന ജനങ്ങൾക്ക് ഈ മഹാമാരിക്കാലത്ത് കരുതലിന്റെ പ്രതിരോധം തീർക്കുകയാണ് കോട്ടയം ജില്ലയിലെ സിവിൽ ഡിഫൻസ് സേനാംഗങ്ങൾ.

 

 കോട്ടയത്തെ മെഗാ വാക്സിൻ വിതരണ കേന്ദ്രങ്ങളിലും ജില്ലയിലെ സ്ഥിരം വാക്സിൻ വിതരണ കേന്ദ്രങ്ങളിലും ജനത്തിരക്ക് നിയന്ത്രണാതീതമായതോടെയാണ് സിവിൽ ഡിഫൻസ് സേനാംഗങ്ങളുടെ സഹായം തേടിയത്. ഇപ്പോൾ 100 ദിവസം പിന്നിട്ടിരിക്കുകയാണ് വാക്സിനേഷൻ സെന്ററുകളിൽ ഇവരുടെ വിലമതിക്കാനാകാത്ത സേവനം. വാക്സിനേഷൻ സെന്ററുകളിൽ ആളുകൾ കൂട്ടമായി എത്തിയതോടെ നിയന്ത്രിക്കാൻ നേരിടുന്ന ബുദ്ധിമുട്ടുകൾ നമ്മൾ പല വാർത്തകളിലായി കണ്ടിരുന്നതാണ്.

 

 കോട്ടയത്തെ വാക്സിനേഷൻ കേന്ദ്രങ്ങളായ ബേക്കർ സ്‌കൂൾ, എം ഡി സ്‌കൂൾ, സി എം എസ് സ്‌കൂൾ എന്നിവിടങ്ങളായിരുന്നു ഇവരുടെ സേവനം. സിവിൽ ഡിഫൻസ് സേനാംഗങ്ങൾ കർമ്മനിരതരായതോടെ ഈ സെന്ററുകളിലെ ജനത്തിരക്ക് നിയന്ത്രിക്കാനും കൃത്യമായ രീതിയിൽ പരാതികൾക്കിടനൽകാതെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തുന്നവർക്ക് വാക്സിൻ വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങൾ നടപ്പിലാക്കി. ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഡ്രൈവ് ത്രൂ വാക്സിനേഷൻ അതിരമ്പുഴയിൽ നടത്തിയപ്പോഴും തിരക്കൊഴിവാക്കാനുള്ള ക്രമീകരണങ്ങൾ നടപ്പിലാക്കിയത് സിവിൽ ഡിഫൻസ് സേനാംഗങ്ങളാണ്.

മികവുറ്റ സേവനം കാഴ്ച വെയ്ക്കുമ്പോഴും ഭക്ഷണവും യാത്രാ ചെലവുമുൾപ്പടെ സ്വന്തം പോക്കറ്റിൽ നിന്നുമെടുത്താണ് ഇവർ നാടിനായി സൗജന്യ സേവനം ചെയ്യുന്നത്. ഫെബ്രുവരി 16 നു കോട്ടയം പോലീസ് പരേഡ് മൈതാനത്താണ് കേരളാ ഫയർ ആൻഡ് റെസ്ക്യൂ സിവിൽ ഡിഫൻസ് ആദ്യ ബെറ്റാലിയന്റെ പാസിംഗ് ഔട്ട് പരേഡ് നടന്നത്. പ്രതിരോധ പ്രവർത്തനങ്ങളിൽ മാത്രമല്ല അവശ്യ ഘട്ടങ്ങളിൽ മരുന്നുകളും മറ്റു അവശ്യ വസ്തുക്കളും എത്തിച്ചു നൽകി പൊതുജനങ്ങൾക്ക് കരുതലിന്റെ പ്രതിരോധ വലയം തീർക്കുകയായിരുന്നു സിവിൽ ഡിഫൻസ്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പോലീസിനൊപ്പം പരിശോധനകളിലും ഇവർ ഭാഗമായി. ലോക്ക് ഡൗൺ മേഖലകളിലും കണ്ടെയിന്മെന്റ് സോണുകളിലും സിവിൽ ഡിഫൻസിന്റെ സേവനം വിലമതിക്കാനാകാത്തതാണ്. ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടർന്നിരുന്ന സാഹചര്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങിയവരാണ് ജില്ലയിലെ സിവിൽ ഡിഫൻസ് സേനാംഗങ്ങൾ. കോവിഡ് പോസിറ്റീവ് ആയി മരിച്ചവരുടെ മരണാന്തര കർമ്മങ്ങൾക്കായും സിവിൽ ഡിഫൻസ് ഫോഴ്‌സിന്റെ സേവനം ഉപയോഗിക്കുന്നു. സംസ്ഥാനത്തെ എല്ലാ അഗ്നി രക്ഷാ നിലയങ്ങളിലും ഇവരുടെ സേവനം ലഭ്യമാണ്. മജീഷ് ടി എം ആണ് ഡെപ്യൂട്ടി റീജിയണൽ വാർഡൻ. സ്മികേഷ് ഓലിക്കനാണു കോട്ടയം ജില്ലാ വാർഡൻ.