കൂരോപ്പട: സിവിൽ സർവ്വീസ് പരീക്ഷയിൽ നൂറ്റിപ്പത്തിമൂന്നാം റാങ്ക് നേടി നമ്മുടെ കോട്ടയം കൂരോപ്പട സ്വദേശിനി ആര്യാ.ആർ.നായർ. കൂരോപ്പടയ്‌ക്കൊപ്പം നമ്മുടെ കോട്ടയത്തിനും അഭിമാനമായി മാറിയിരിക്കുകയാണ് ആര്യ.
മികച്ച പരിശീലനത്തിൽ വീണ്ടും റാങ്ക് നേടാനായതിന്റെ ഇരട്ടി സന്തോഷത്തിലാണ് ആര്യ. 2019 ഏപ്രിലിൽ പ്രഖ്യാപിച്ച സിവിൽ സർവ്വീസ് പരീക്ഷാ ഫലത്തിൽ മുന്നൂറ്റിയൊന്നാം റാങ്ക് നേടി വിജയം കരസ്ഥമാക്കിയിരുന്നു ആര്യ. ചിട്ടയാർന്ന മികച്ച പരിശ്രമത്തിലൂടെ മുന്നൂറ്റിയൊന്നാം റാങ്കിൽ നിന്നും ഇത്തവണ നൂറ്റിപ്പത്തിമൂന്നാം റാങ്ക് നേടാനായതിന്റെ സന്തോഷത്തിലാണ് ആര്യ.
2019 ലെ സിവിൽ സർവ്വീസ് അഭിമുഖ പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് സ്വന്തമാക്കിയതും ആര്യയാണ്. അഭിമുഖ പരീക്ഷയിൽ 275 മാർക്കിൽ 206 മാർക്ക് നേടിയാണ് ആര്യ ഈ നേട്ടം സ്വന്തമാക്കിയത്. കൂരോപ്പട അരവിന്ദം വീട്ടിൽ ജി.രാധാകൃഷ്‌ണൻ നായരുടെയും (പയ്യൻ, റിട്ട. ലേബർ കമ്മീഷണർ ) സുജാത രാധാകൃഷ്ണന്റെയും മകളാണ് ആര്യ.ആർ.നായർ. കൂരോപ്പട ഗ്രാമ പഞ്ചായത്തിൽ നിന്ന് ആദ്യമായാണ് ഒരാൾ സിവിൽ സർവ്വീസ് പരീക്ഷയിൽ വിജയം നേടുന്നത്. വിജയാഘോഷത്തിലാണ് ആര്യയുടെ കുംബത്തോടൊപ്പം കൂരോപ്പടയിലെ നാട്ടുകാരും അയൽക്കാരും. കൃത്യതയോടും ചിട്ടയോടുമുള്ള പഠനവും വീട്ടുകാരുടെ പൂർണ്ണ പിന്തുണയുമാണ് തനിക്കു ഈ നേട്ടം സ്വന്തമാക്കാൻ സാധിച്ചതെന്നു ആര്യ പറഞ്ഞു. കാനറാ ബാങ്കിൽ ജോലി ചെയ്യുന്ന അരവിന്ദ്. ആർ നായർ സഹോദരനാണ്.