കോട്ടയം: കോവിഡ് പ്രതിസന്ധികൾക്കിടയിലും കോട്ടയം ജില്ലയിൽ പാചക വാതക വിതരണം സുഗമമായി നടക്കുന്നതായി പാചകവാതക ഓപ്പൺ ഫോറം വിലയിരുത്തൽ. ഗ്യാസ് വിതരണ ഏജൻസികളുടെ പ്രവർത്തനം സംബന്ധിച്ച് എൽ.പി.ജി. ഉപയോക്താക്കൾക്കുള്ള പരാതി പരിഹരിക്കുന്നതിന് ചേർന്ന എൽ പി.ജി ഓപ്പൺ ഫോറത്തിൽ ഗ്യാസ് വിതരണ നടപടികൾ ചർച്ച ചെയ്തു.
പരാതികളുടെ അഭാവത്തിലും താലൂക്കടിസ്ഥാനത്തിൽ പരിശോധനകൾ കർശനമായി തന്നെ തുടരണമെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച ഡെപ്യൂട്ടി കളക്ടർ പി.ജി. രാജേന്ദ്രബാബു താലൂക്ക് സപ്ലൈ ഓഫീസർമാർക്ക് നിർദേശം നൽകി. പാചകവാതക സിലണ്ടർ വിതരണത്തിലെ ക്രമക്കേട്, അമിത വില ഈടാക്കൽ എന്നിവ സംബന്ധിച്ച് പൊതുജനങ്ങൾക്ക് പരാതി ഉണ്ടാകുന്ന സാഹചര്യത്തിൽ വിവരം ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസർമാരെ അറിയിക്കണം.
ജില്ലാ സപ്ലൈ ഓഫീസർ ജലജ ജി.എസ്. റാണി, പാചകവാതക കമ്പിനികൾ, വിതരണ ഏജൻസികൾ, ഉപഭോക്തൃ സംഘടനകൾ എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു.