തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ പ്രതിവാര കോവിഡ് അവലോകന യോഗം ഇന്ന് ചേരും. സംസ്ഥാനത്തെ നിലവിലെ കോവിഡ് സാഹചര്യം യോഗത്തിൽ വിലയിരുത്തും. ഞായാറാഴ്ച ലോക്ഡൗണും രാത്രി കര്‍ഫ്യൂവും തുടരുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ പിൻവലിക്കാൻ സാധ്യതയില്ല. ക്വറന്റയിൻ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഇന്ന് മുതൽ കർശന നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ക്വറന്റയിൻ ലംഘിക്കുന്നവർക്കെതിരെ കടുത്ത പിഴ ചുമത്തുകയും സ്വന്തം ചെലവിൽ നിർബന്ധിത ക്വറന്റായിനിൽ വിടാനുമാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന വിദഗ്ധ സമിതി യോഗത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നതിനായി നിർദ്ദേശങ്ങൾ സമർപ്പിച്ചിരുന്നു. നിലവിൽ കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ നൽകിയേക്കില്ല.