എരുമേലി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന എരുമേലി ഗ്രാമപഞ്ചായത്തിലെ ടൗൺ വാർഡ് ഉൾപ്പടെയുള്ള വാർഡുകളിൽ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നില്ല. കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ എരുമേലി ഗ്രാമപഞ്ചായത്തിലെ 7,10, 11, 12, 19, 20, 21 വാർഡുകൾ അതീവ നിയന്ത്രണ മേഖലയായി ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയര്പേഴ്സണായ ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതാണ്.
നഗരത്തിലൂടെ കടന്നു പോകുന്ന പ്രധാന പാതയ്ക്കിരുവശവും 2 വാർഡുകളാണ്. വാർഡ് 20, വാർഡ് 7 എന്നിവയാണ് അവ. പ്രതിവാര രോഗബാധ നിരക്ക് അവലോകനം ചെയ്തു ആരോഗ്യ വകുപ്പ് നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് രോഗബാധിതർ കൂടുതലായുള്ള മേഖലകൾ ജില്ലയിൽ അതീവ നിയന്ത്രണ മേഖലകളായി പ്രഖ്യാപിക്കുന്നത്. അതീവ നിയന്ത്രണ മേഖലകളായി പ്രഖ്യാപിക്കുന്ന വാർഡുകളിൽ ട്രിപ്പിൾ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഈ മേഖലയിൽ ആവശ്യവസ്തുക്കൾ വിൽക്കുന്നതൊഴികെ മറ്റൊരു വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാൻ അനുമതിയില്ല. അവശ്യ വസ്തുക്കൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾ രാവിലെ 7 മണി മുതൽ വൈകിട്ട് 4 മണി വരെ മാത്രമാണ് തുറന്നു പ്രവർത്തിക്കാൻ അനുമതിയുള്ളത്. എന്നാൽ എരുമേലി നഗരത്തിൽ എല്ലാ വ്യാപാര സ്ഥാപനങ്ങളും രാത്രി 9 മണി വരെ തുറന്നു പ്രവർത്തിക്കുകയാണ്. മേഖലകളിൽ പോലീസ് പരിശോധന ശക്തമാക്കാനാണ് നിർദ്ദേശം എന്നാൽ നഗരത്തിൽ പോലീസ് പരിശോധന പേരിനു മാത്രമാണ് നടക്കുന്നത്.
നാലിലധികം ആളുകൾ കൂട്ടം കൂടുന്നതിനും ആരാധനാലയങ്ങളിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കുന്നതിനും വിലക്കുണ്ട്. എന്നാൽ ഈ നിയന്ത്രണങ്ങൾ ഒന്നും പാലിക്കാതെയാണ് എരുമേലിയിൽ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുന്നത്. ചൊവ്വാഴ്ചയാണ് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി അതീവ നിയന്ത്രണ മേഖലകളുടെ പട്ടിക പുറത്തിറക്കിയത്. ഇന്നലെയും രാത്രി വരെ എരുമേലിയിൽ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുകയും ആളുകൾ കൂടുതലായി എത്തുകയും ചെയ്തിരുന്നു. പ്രതിവാര രോഗബാധ നിരക്ക് 7 ശതമാനത്തിനു മുകളിലുള്ള തദ്ദേശ സ്ഥാപന വാർഡുകളിൽ ട്രിപ്പിൾ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് സംസ്ഥാന സർക്കാരും നിർദ്ദേശിച്ചിട്ടുണ്ട്. ഈ നിയന്ത്രണങ്ങളുടെയും മാനദണ്ഡങ്ങളുടെയും ലംഘനമാണ് എരുമേലി ഗ്രാമ പഞ്ചായത്തിലെ അതീവ നിയന്ത്രണ വാർഡുകളിൽ നട്സാണ് വരുന്നത്. എരുമേലി ഗ്രാമപഞ്ചായത്തിലെ 16, 1, 2,3 വാർഡുകൾ കണ്ടെയിന്മെന്റ് സോണുകളുമാണ്. കൃത്യമായ ഏകോപനമില്ലായ്മ കോവിഡ് വ്യാപനത്തിന് ഇടയാക്കിയേക്കും.