കോവിഡ്: ഉഴവൂർ ഗ്രാമപഞ്ചായത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി, നാലിലധികം ആളുകൾ കൂട്ടം കൂടുന്നതിന് വിലക്ക്.


ഉഴവൂർ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഉഴവൂർ ഗ്രാമപഞ്ചായത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ പറഞ്ഞു.

 

 പ്രതിവാര രോഗബാധ നിരക്ക് 7 ശതമാനത്തിനു മുകളിലായതിനെ തുടർന്ന് ഉഴവൂർ ഗ്രാമപഞ്ചായത്ത് അതീവ നിയന്ത്രണ മേഖലയായി ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ പ്രഖ്യാപിച്ചിരുന്നു. കോവിഡ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ ഉഴവൂർ ഗ്രാമപഞ്ചായത്ത് പൂർണമായും കണ്ടെയിൻമൻ്റ് സോണായി പ്രഖ്യാപിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

 

 ഉഴവൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലേക്ക് പ്രവേശിക്കുന്ന പ്രധാന റോഡുകളിൽ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് പ്രവർത്തനാനുമതി. രാവിലെ 7 മുതൽ വൈകുന്നേരം 4 വരെയാണ് പ്രവർത്തനാനുമതി.

മേഖലയിൽ നാലിലധികം ആളുകൾ കൂട്ടം കൂടുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് മഹാമാരിക്കെതിരെ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ പറഞ്ഞു.