കോവിഡ്: കോട്ടയം ജില്ലയിൽ രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നു, പ്രതിദിനം രണ്ടായിരത്തിനു മുകളിൽ പുതിയ രോഗികൾ.


കോട്ടയം: സംസ്ഥാനത്ത് കോട്ടയം ജില്ലയിലുൾപ്പടെ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. രാജ്യത്ത് പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിക്കുന്നതിൽ ഭൂരിഭാഗവും ഇപ്പോൾ കേരളത്തിൽ നിന്നാണ്. ജില്ലയിൽ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്.

 

 കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രണ്ടായിരത്തിനു മുകളിലാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം. കഴിഞ്ഞ ദിവസങ്ങളിലായി 1800 നടുത്തായിരുന്നു പുതുതായി രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ജില്ലയിലെ 16 ഗ്രാമപഞ്ചായത്തുകളിൽ അതീവ നിയന്ത്രിത മേഖലകളായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചിട്ടുണ്ട്.

 

 പ്രതിവാര രോഗബാധ നിരക്ക് 7 ശതമാനത്തിനു മുകളിലാണ് ഈ തദ്ദേശ സ്ഥാവന മേഖലകൾ. ഇവിടെ ട്രിപ്പിൾ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബർ ഒന്നിന് ജില്ലയിൽ 226 പേർക്കും സെപ്റ്റംബർ രണ്ടിന് 2121 പേർക്കുമാണ് ജില്ലയിൽ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. പ്രതിവാര രോഗബാധ നിരക്ക് 7 ശതമാനത്തിനു മുകളിലുള്ള 6 നഗരസഭകളിലെ 43 വാർഡുകൾ അതീവ നിയന്ത്രിത മേഖലകളായി പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായി തുടരുന്നതിനു കാരണമായ കോവിഡ് ഡെൽറ്റ വകഭേദത്തിന്റെ ഉപവകഭേദം സംസ്ഥാനത്ത് കൂടുന്നതായി പഠനങ്ങൾ കണ്ടെത്തിയിരുന്നു. കോട്ടയം ഉൾപ്പടെ 5 ജില്ലകളിലാണ് ഡെൽറ്റയുടെ എ വൈ 1 വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് വകഭേദം കൂടുതലായി കണ്ടെത്തിയിരിക്കുന്നത്.