കോവിഡ് വാക്‌സിനേഷൻ: സെപ്റ്റംബർ 30 വരെ കോട്ടയം ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും സ്‌പോട്ട് ബുക്കിംഗ്.


കോട്ടയം: കോവിഡ് വാക്സിനേഷനായി സെപ്റ്റംബർ 30 വരെ ഞായറാഴ്ചയൊഴികെയുള്ള എല്ലാ ദിവസവും ആളുകൾക്ക് നേരിട്ട് കേന്ദ്രങ്ങളിലെത്തി കോവിഷീൽഡ്‌ വാക്‌സിൻ സ്വീകരിക്കാം. cowin.gov.in എന്ന പോർട്ടലിൽ ഓൺലൈൻ ആയി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്.

 

 ഒന്നാം ഡോസ് ഇതുവരെ സ്വീകരിക്കാത്തവർ സെപ്റ്റംബർ 18നകം സ്വീകരിക്കേണ്ടതാണ്. കോവിഷീൽഡ്‌ ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം പൂർത്തിയായവർക്കും ഓൺലൈൻ ആയി ബുക്ക് ചെയ്തോ നേരിട്ടെത്തിയോ വാക്‌സിൻ സ്വീകരിക്കാം. ജില്ലയിലെ  89 സർക്കാർ വാക്‌സിനേഷൻ കേന്ദ്രങ്ങളും 22 സ്വകാര്യ ആശുപതികളിലും വാക്‌സിൻ ലഭ്യമാണ്.

ഗുരുതര അലർജികൾ ഉള്ളതുമൂലം സ്റ്റിറോയ്ഡ് ഉപയോഗിക്കാൻ ഡോക്ടർ നിർദ്ദേശിച്ചിട്ടുഉള്ളവർക്കും ഡോക്ടറുടെ നിർദ്ദേശപ്രകാരം വാക്‌സിനുകൾ സ്വീകരിക്കാവുന്നതാണ്. കാൻസർ, വൃക്കരോഗം, പ്രമേഹം, രക്താദിമർദ്ദം, പക്ഷാഘാതം തുടങ്ങി ഇതര രോഗങ്ങൾ ഉള്ളവർക്കെല്ലാം വാക്‌സിൻ സുരക്ഷിതമാണ്. ഇവർക്ക് കോവിഡ് ബാധിച്ചാൽ ഗുരുതരമാകാനും ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ ആവശ്യമായി വരാനും സാധ്യത ഏറെയാണ്. അതിനാൽ ഇവർ എത്രയും വേഗം വാക്‌സിൻ സ്വീകരിച്ച് സുരക്ഷിതരാവുകയും എല്ലാ മാസവും ആരോഗ്യ പരിശോധനകൾ കൃത്യമായി നടത്തുകയും നിർദ്ദേശിക്കപ്പെട്ട മരുന്നുകൾ തുടരുകയും ചെയ്യണം. കോവാക്സിൻ നിലവിൽ ജില്ലയിൽ സ്റ്റോക്ക് ലഭ്യമല്ല. വാക്‌സിൻ എത്തിച്ചെരുന്ന മുറക്ക് വിതരണം ആരംഭിക്കും. ജില്ലയിൽ 18 വയസിനുമുകളിലുള്ള 14.84 ലക്ഷം പേരാണ് വാക്‌സിൻ സ്വീകരിക്കേണ്ടത്. ഇതിൽ 14.1 ലക്ഷം പേർ (95 ശതമാനം) പേര് ഇതിനോടകം ഒന്നാം ഡോസ് സ്വീകരിച്ചിട്ടുണ്ട്. ഇവരിൽ 6.1 ലക്ഷം പേർ  (41 ശതമാനം) രണ്ടു ഡോസും സ്വീകരിച്ചിട്ടുണ്ട്.