ജില്ലയിൽ ഒന്നാം ഡോസ് കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കാൻ എല്ലാവരും സഹകരിക്കണം; ജില്ലാ കളക്ടർ.


കോട്ടയം: കോട്ടയം ജില്ലയിൽ ഒന്നാം ഡോസ് കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അഭ്യർഥിച്ചു. 


















ജില്ലയിൽ 18 വയസിനുമുകളിലുള്ള 5000 പേർ കൂടി ഇന്ന് ഒന്നാം ഡോസ് സ്വീകരിച്ചതോടെ ഒന്നാംഡോസ് സ്വീകരിച്ചവരുടെ എണ്ണം 14.35 ലക്ഷം (96.7%) ആയി.  ഇനി ഏകദേശം 50000 പേരാണ് ഒന്നാം ഡോസ് സ്വീകരിക്കാൻ ബാക്കിയുള്ളത്. ഏകദേശം 25,000 പേർ കോവിഡ് ബാധിച്ചതുമൂലം ഇപ്പോൾ വാക്‌സിൻ സ്വീകരിക്കാൻ കഴിയാത്തവരാണ്. അവർ മൂന്നു മാസം പൂർത്തിയാകുന്ന മുറയ്ക്ക്  വാക്‌സിൻ സ്വീകരിക്കാൻ അർഹരാകും.

മറ്റുള്ളവർ ഉടനടി വാക്‌സിൻ സ്വീകരിക്കാൻ ഇപ്പോഴുള്ള അവസരം പ്രയോജനപ്പെടുത്തണം. മരുന്നുകളോട് അലർജി ഉള്ളവർ, ഗുരുതര രോഗങ്ങൾ ബാധിച്ചവർ എന്നിവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം എത്രയും വേഗം വാക്‌സിൻ സ്വീകരിക്കണം. സംസ്ഥാനത്ത് ബഹുഭൂരിപക്ഷം പേരും വാക്‌സിൻ സ്വീകരിച്ച് കഴിഞ്ഞസ്ഥിതിക്ക്  വാക്‌സിൻ സ്വീകരിക്കാത്തവർക്ക് രോഗം പിടിപെടാൻ സാധ്യതയേറെയാണ്. 

ഇങ്ങനെയുള്ളവരിലാണ് രോഗം കൂടുതൽ ഗുരുതരമാവുകയും ആശുപത്രി, ഐ സി യു, വെന്റിലേറ്റർ എന്നിവയിൽ പ്രവേശിക്കപ്പെടുകയും ചെയ്യേണ്ടിവരുന്നത്. ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരം സൗജന്യമായി കേന്ദ്ര സർക്കാർ ആവശ്യത്തിന് വാക്‌സിൻ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തിന് പുറത്തും രാജ്യത്തിനു പുറത്തും യാത്ര ചെയ്യുന്നതിന് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.   അവസരം പ്രയോജനപ്പെടുത്തി ഒന്നാം ഡോസ് സ്വീകരിക്കാത്തവർ ഉടൻ  കേന്ദ്രത്തിലെത്തി വാക്‌സിൻ സ്വീകരിക്കണം.