പാലാ: സമകാലീക കേരളവും ക്രൈസ്തവ സുമുദായവും നേരിടുന്ന ഗൗരവ പ്രശനങ്ങളാണ് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ചൂണ്ടിക്കാട്ടിയതെന്നു ദീപിക ദിനപ്പത്രത്തിന്റെ മുഖപ്രസംഗം. കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ദേവാലത്തിലെ എട്ടുനോമ്പ് തിരുനാൾ എട്ടാം ദിനത്തിൽ വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നൽകുകന്നതിനിടെയായിരുന്നു മാർ ജോസഫ് കല്ലറങ്ങാട്ട് ഗുരുതര ആരോപണമുന്നയിച്ചത്.
ബിഷപ്പിന്റെ നിലപാടിൽ അനുകൂലിച്ചതും പ്രതികൂലിച്ചതും നിരവധി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ഇന്നലെ കോട്ടയത്തും പാലായിലും മുസ്ലിം സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തി. വിശ്വാസികൾക്ക് നൽകിയ സന്ദേശം വിവാദമാക്കാൻ നിക്ഷിപ്ത താത്പര്യക്കാർ കിണഞ്ഞു പരിശ്രമിക്കുകയാണ് എന്നും മുഖപ്രസംഗത്തിൽ വിമർശനമുണ്ട്. ലവ് ജിഹാദിനൊപ്പം നർക്കോട്ടിക് ജിഹാദും നമ്മുടെ സമൂഹത്തിൽ ഉണ്ടെന്നും കത്തോലിക്കാ വിശ്വാസികളായ പെൺകുട്ടികളെ ഇരയാക്കുന്നതായും മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞിരുന്നു. ലവ് ജിഹാദുമായി ബന്ധപ്പെട്ടു സഹായം നൽകുന്നതിനായി ഒരുപാട് സംഘങ്ങൾ കേരളത്തിലുണ്ടെന്നും കത്തോലിക്കാ യുവാക്കളെയും യുവതികളെയും മയക്കുമരുന്നിന് അടിമപ്പെടുത്താൻ നിരവധി സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്നും പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് വചന സന്ദേശത്തിൽ പറഞ്ഞിരുന്നു. മറ്റേതൊരു മതത്തോടുമുള്ള എതിർപ്പിലല്ല വിശ്വാസികൾക്ക് നൽകിയ സന്ദേശത്തിൽ മറ്റുള്ളവർ ഉറഞ്ഞുതുള്ളുന്നതെന്തിന് എന്നും മുഖപ്രസംഗത്തിൽ ചോദിക്കുന്നു. സമൂഹ നന്മയും സാമുദായിക ഭദ്രതയും കാംക്ഷിക്കുന്നവർക്ക് ചിലപ്പോൾ അപ്രിയ സത്യങ്ങൾ തുറന്നു പറയേണ്ടി വരുമെന്നും ഇക്കാരണത്താൽ മത സൗഹാർദ്ധം തകരില്ല എന്നും ദീപികയിൽ വ്യക്തമാക്കുന്നു. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത് എന്നും ജെസ്‌നയുടെ ഉൾപ്പടെയുള്ള തിരോധാന കേസുകൾ ഒരു ഘട്ടമെത്തുമ്പോൾ നിലച്ചു പോകുന്നതും ഇക്കാരണത്താലാണെന്നു മുഖപ്രസംഗം പറയുന്നു. മതേതര ജനാധിപത്യ രാജ്യമായ ഇവിടെ ഒരു സഭാ മേലധ്യക്ഷന് തന്റെ ആശങ്കകൾ പങ്കുവെക്കാനുള്ള അവകാശമില്ലേ എന്നും ദീപികയുടെ മുഖപ്രസംഗത്തിൽ ചോദിക്കുന്നു. കുറവിലങ്ങാട് പള്ളിയിൽ മാർ ജോസഫ് കല്ലറങ്ങാട്ട് നൽകിയ സന്ദേശവും മുഖപ്രസംഗത്തിനൊപ്പം ദീപികയിൽ പ്രസിദീകരിച്ചിട്ടുണ്ട്.