കോട്ടയം: മധ്യതിരുവിതാംകൂറിലെ ആരോഗ്യ സേവന രംഗത്ത് 60 വർഷം പൂർത്തിയാക്കുന്ന കാരിത്താസ് ആശുപത്രിയുടെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ ശനിയാഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉത്‌ഘാടനം ചെയ്യും.
നാളെ ഉച്ചകഴിഞ്ഞു 3 മണിക്ക് കാരിത്താസ് എഡ്യുസിറ്റി ക്യാംപസിൽ നടക്കുന്ന ചടങ്ങിൽ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത ബിഷപ് മാർ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിക്കും. ചടങ്ങിൽ ആരോഗ്യ മന്ത്രി വീണാ ജോർജ്, രജിസ്‌ട്രേഷൻ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ, ബിഷപ് മാർ ജോസഫ് പണ്ടാരശ്ശേരിൽ, ബിഷപ് മാർ ഗീവർഗീസ് അപ്രേം, തോമസ് ചാഴികാടൻ എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ തുടങ്ങിയവർ പങ്കെടുക്കും.
അറുപത്ന്റെ നിറവിലെത്തിയ കാരിത്താസ് ആശുപത്രി ഡയമണ്ട് ജൂബിലിയുടെ ഭാഗമായി നിരവധി സഹായ പദ്ധതികളും സൗജന്യ സേവനങ്ങളും ആശുപത്രി പ്രഖ്യാപിച്ചിട്ടുണ്ട്. സൂസൻ ഡാനിയൽ ഫൗണ്ടേഷനുമായി ചേർന്ന് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന നാൽപതോളം അർബുദ ബാധിതർക്ക് 25,000 രൂപ വീതം നൽകും. 60 ലധികം ശസ്ത്രക്രിയകൾ സൗജന്യമായി ചെയ്തു നൽകും.
15 വൃക്ക രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് സേവനം നൽകും. ആൻജിയോഗ്രാം, മാേമാഗ്രാം തുടങ്ങിയ പരിശോധന ചെലവിൽ ഈ കാലയളവിൽ 25 ശതമാനം ഇളവ് നൽകുമെന്നും ആശുപത്രി ജീവനക്കാർക്ക് ഇൻഷുറൻസ് ഉൾപ്പടെ 25 ലക്ഷം രൂപയുടെ പദ്ധതികൾ ഫ്രണ്ട്സ് ഓഫ് കാരിത്താസിലൂടെ നടപ്പാക്കുമെന്ന് ഡയറക്ടർ ഡോ. ഫാ. ബിനു കുന്നത്ത് പറഞ്ഞു. 18.34 കോടി രൂപയുടെ സൗജന്യ ചികിത്സ സഹായം കഴിഞ്ഞ വര്ഷം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് നൽകാനായതായും അദ്ദേഹം പറഞ്ഞു. അസി. ഡയറക്ടർ ഫാ. ജിനു കാവിൽ, കാരിത്താസ് ആശുപത്രി മെഡിക്കൽ ഡയറക്ടർ ബോബി എൻ. എബ്രഹാം, ഡയമണ്ട് ജൂബിലി ഓർഗനൈസിങ് കമ്മിറ്റി സെക്രട്ടറി ഡോ. ബോബൻ തോമസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.