ഏറ്റുമാനൂരിൽ ഓട്ടോ നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റയാളെ ഡ്രൈവർ റോഡിലുപേക്ഷിച്ചു, ചികിത്സ ലഭിക്കാതെ റോഡരുകിൽ കിടന്ന് യുവാവ് മരിച്ചു.


ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ ഓട്ടോ നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റയാളെ ഡ്രൈവർ റോഡിലുപേക്ഷിച്ചു. ചികിത്സ ലഭിക്കാതെ റോഡരുകിൽ കിടന്ന് യുവാവ് മരിച്ചു. അതിരമ്പുഴ പുത്തൻ പുരയ്ക്കൽ സ്വദേശി ബിനു(36) വാണ് മരിച്ചത്. ഏറ്റുമാനൂർ സെൻട്രൽ ജംക്‌ഷനില്‍ ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്. നീണ്ടൊരു റോഡിൽ നിന്നും വരികയായിരുന്ന ബിനുവും സുഹൃത്തും സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷാ ഏറ്റുമാനൂർ സെൻട്രൽ ജംക്‌ഷനില്‍ നിയന്ത്രണംവിട്ടു മറിയുകയായിരുന്നു. ഓട്ടോ മറിയുകയും ബിനു ഓട്ടോയ്ക്ക് അടിയിൽ പെടുകയുമായിരുന്നു. അപകടത്തിൽ ബിനുവിന് പരിക്കേറ്റതായാണ് വിവരം. ബിനു അപസ്മാര രോഗിയായിരുന്നു. അപകട സമയം ഇരുവരും മദ്യപിച്ചിരുന്നതായാണ് പോലീസ് നൽകുന്ന വിവരം. മരണകാരണം വിശദമായി അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. അപകടം കണ്ടു ഓടിയെത്തിയവരാണ് ഓട്ടോ നേരെയാക്കിയതും ബിനുവിനെ നടപ്പാതയിൽ ഇരുത്തിയതും. പിന്നീട് 3 മണിയോടെ ഓട്ടോഡ്രൈവർ ഓട്ടോയുമായി പോകുകയായിരുന്നു. സുഹൃത്തായ ഓട്ടോ ഡ്രൈവറോ അപകടം കണ്ടു എത്തിയവരോ ബിനുവിനെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ല. ഏറ്റുമാനൂർ പോലീസ് സ്റ്റേഷന് വിളിപ്പാടകലെയാണ് സംഭവം ഉണ്ടായിരിക്കുന്നത്. ഈ ദൃശ്യങ്ങളെല്ലാം സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. രാവിലെ നാട്ടുകാരാണ് നടപ്പാതയിൽ ഒരാൾ മരിച്ച നിലയിൽ കിടക്കുന്നത് കണ്ടു പോലീസിലും അഗ്നിരക്ഷാ സേനയിലും വിവരമറിയിച്ചത്. അഗ്നിരക്ഷാ സേനയെത്തി ബിനുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു. 8 മണിക്കൂറോളം നടപ്പാതയിൽ ചികിത്സ കിട്ടാതെ കിടന്നാണ് ബിനു മരണപ്പെട്ടത്.