ഏറ്റുമാനൂരിലെ വിവിധ വികസന പദ്ധതികളുടെ സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കാൻ നടപടി; വി എൻ വാസവൻ.


കോട്ടയം: ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ വിവിധ വികസന പദ്ധതികൾക്കുള്ള സ്ഥലമേറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കുമെന്ന് സഹകരണ - രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കളക്‌ട്രേറ്റിൽ നടന്ന ഏറ്റുമാനൂർ നിയോജകമണ്ഡലത്തിന്റെ വികസന പദ്ധതികളുടെ അവലോകന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.

 

 അതിരമ്പുഴ ടൗൺ വികസന പദ്ധതിക്കായി സ്ഥലമേറ്റെടുപ്പിനുള്ള വിലനിർണയിക്കുന്ന വിശദമായ വാല്യുവേഷൻ സ്‌റ്റേറ്റ്‌മെന്റ് തയാറാക്കിക്കഴിഞ്ഞു. സെപ്റ്റംബർ 23 ന് ആരംഭിച്ച് 30 നുള്ളിൽ സ്ഥലമുടമകളുടെ ഹിയറിങ് പൂർത്തീകരിക്കുകയാണ് ലക്ഷ്യം. കിഫ്ബിയിൽ ഉൾപ്പെടുത്തി 93.22 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന ഏറ്റുമാനൂർ നഗരസഭ ശുദ്ധജല വിതരണ പദ്ധതിയുടെ പുരോഗതി യോഗം വിലയിരുത്തി.

കാണക്കാരി, മാഞ്ഞൂർ, അതിരമ്പുഴ പഞ്ചായത്തുകളിലെ 1.11 ലക്ഷം പേർക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയുടെ സ്ഥലമേറ്റെടുപ്പിനായി സെപ്റ്റംബർ 30 നകം സർവേ നടപടികൾ പൂർത്തീകരിക്കും. പൂവത്തുംമൂട് റോ വാട്ടർ പമ്പ് ഹൗസിൽ പവർ എൻഹാൻസ്‌മെന്റ് നടത്തുന്നതിന് കെ.എസ്. ഇ.ബി. എസ്റ്റിമേറ്റ് നൽകും. വൈദ്യുതി കണക്ഷൻ ലഭ്യമാക്കുന്നതിന് കെ.എസ്.ഇ.ബി.യുടെ പ്രത്യേക ഉത്തരവ് നൽകാമെന്ന് വൈദ്യുതി മന്ത്രി അറിയിച്ചതായി മന്ത്രി പറഞ്ഞു. പട്ടിത്താനം-മണർകാട് ബൈപാസിന്റെ നിർമാണ പുരോഗതി വിലയിരുത്തി.

കാരിത്താസ്-അമ്മഞ്ചേരി റോഡിന്റെ ബി.എം.ബി.സി. ടാറിംഗ് അടുത്തയാഴ്ച ആരംഭിക്കും. മന്ത്രിയുടെ സാന്നിധ്യത്തിൽ ഏറ്റുമാനൂർ റിംഗ് റോഡിന്റെ സ്ഥലപരിശോധന ഞായറാഴ്ചയും പട്ടിത്താനം-മണർകാട് റോഡിന്റേത് ചൊവ്വാഴ്ചയും നടക്കും. യോഗത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോൺ, ഡെപ്യൂട്ടി കളക്ടർ മുഹമ്മദ് ഷാഫി, പൊതുമരാമത്ത് റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ പി. ശ്രീലേഖ, കെ.ആർ.എഫ്.ബി. എക്‌സിക്യൂട്ടീവ് എൻജിനീയർ പി.എസ്. റോയി, വാട്ടർ അതോറിറ്റി പ്രോജക്ട് ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ ആർ. രാജേഷ് ഉണ്ണിത്താൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.