ഏറ്റുമാനൂരിനെ 5 വര്‍ഷത്തിനുള്ളില്‍ ലോകത്തെ അറിയിപ്പെടുന്ന കമ്യൂണിറ്റി ബെയ്‌സ്ഡ് റെസ്‌പോണ്‍സബിള്‍ ടൂറിസം ഡെസ്റ്റിനേഷന്‍ ആയി പ്രഖ്യാപിക്കും;വി എൻ വാസവൻ.


ഏറ്റുമാനൂർ: ഏറ്റുമാനൂരിനെ 5 വര്‍ഷത്തിനുള്ളില്‍ ലോകത്തെ അറിയിപ്പെടുന്ന കമ്യൂണിറ്റി ബെയ്‌സ്ഡ് റെസ്‌പോണ്‍സബിള്‍ ടൂറിസം ഡെസ്റ്റിനേഷന്‍ ആയി പ്രഖ്യാപിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത് എന്ന് രജിസ്‌ട്രേഷൻ-സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഇതിനായി മുന്നോട്ട് വരുന്നവര്‍ക്കുള്ള പരിശീലന പരിപാടികള്‍ ആരംഭിച്ചു. തദ്ദേശീയര്‍ക്ക് വിവിധ തൊഴില്‍മേഖലയില്‍ പരിശീലനം, വിവിധ സംരംഭങ്ങള്‍ ആരംഭിക്കാനുള്ള പരിശീലനം, കാര്‍ഷിക മേഖലയെ പൂര്‍ണമായും ടൂറിസം ആയി ബന്ധിപ്പിക്കാനുള്ള പരിശീലനം തുടങ്ങിയ പ്രവര്‍ത്തനങ്ങളും സജീവമായി മുന്നോട്ട് പോകുന്നതായും അദ്ദേഹം പറഞ്ഞു. റെസപോണ്‍സബിള്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി ഗ്രാമീണ സൗന്ദര്യവും ഊഷ്മളതയും ആസ്വദിക്കാന്‍ ഗ്രാമീണ ടൂറിസം പാക്കേജുകള്‍, നാടിന്റെ പരമ്പരാഗത സംസ്‌കാരവും പൈതൃകവും മനസ്സിലാക്കാന്‍ കള്‍ച്ചറല്‍ എക്‌സ്പീരിയന്‍സ് പാക്കേജുകള്‍, തദ്ദേശ ഭക്ഷണത്തിലെ വൈവിധ്യങ്ങള്‍ മനസ്സിലാക്കാന്‍ ക്വിസീന്‍ എക്‌സ്പീരിയന്‍സ് പാക്കേജുകള്‍ എന്നിവയാണ് നടപ്പിലാക്കുന്നത്. ഇതിനോടൊപ്പം ഫാം ടൂറിസം സജീവമാക്കുന്നുമുണ്ട്. കുമരകത്ത് 2008 മുതൽ ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. 2014 ൽ മികച്ച ഉത്തരവാദിത്ത ടൂറിസം മാതൃകയായി യുഎന്‍ഡബ്ല്യൂടിഒ പ്രഖ്യാപിച്ചിരുന്നു. ശേഷവും മികച്ച പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞിട്ടുണ്ട് എന്ന് മന്ത്രി പറഞ്ഞു. ഇതിനു പുറമെ മാതൃകാ വിനോദ സഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ചിട്ടുള്ള അയ്മനത്ത് മാതൃകാ ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ട  പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. നിണ്ടൂര്‍ പഞ്ചായത്തിനെ മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതിയില്‍ ഈ വർഷം ഉള്‍പ്പെടുത്തി. അഗ്രി ടൂറിസം ഹബ്ബുകളില്‍ ഒന്നായി നിണ്ടൂരിനെ കൊണ്ടു വരുക എന്നതാണ് ലക്ഷ്യം എന്ന് വി എൻ വാസവൻ പറഞ്ഞു. ഇതിന്റെ ഭാഗമായുള്ള പരിശീലനങ്ങള്‍ നടന്നു വരുകയാണ്. പ്രദേശവാസികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളും നടന്നു വരുന്നു. ആര്‍പ്പൂക്കര, തിരുവാര്‍പ്പ് പഞ്ചായത്തുകളെ ഉത്തരവാദിത്വ ടൂറിസം വികസനങ്ങളുടെ ഭാഗമായി ഉള്‍പ്പെടുത്തി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും മറ്റുമുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. വിദേശ, സ്വദേശ സഞ്ചാരികള്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ അയ്മനം തിരുവാര്‍പ്പ് പഞ്ചായത്തുകളുടെ ടൂറിസം റിസോഴ്‌സ് ഡയറക്ടറി ഈ വര്‍ഷം പ്രകാശനം ചെയ്യും. പ്രാദേശിക സൗന്ദര്യം പരിചയപ്പെടുത്തുന്ന വീഡിയോകളും ഡോക്യുമെന്ററികളും ചിത്രങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ടൂറിസം ഫോര്‍ ഇന്‍ക്ലൂസിവ് ഗ്രോത്ത്- പ്രാദേശിക തൊഴില്‍, പ്രാദേശിക കല, പ്രാദേശിക ഭക്ഷണം, പ്രാദേശിക ഉല്‍പ്പാദന മേഖല മറ്റ് പ്രാദേശിക ജൈവവൈവിധ്യങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിക്കുന്ന ടൂറിസം വികസന പ്രക്രിയ ആരംഭിക്കണമെന്നാണ് ടൂറിസം ഫോര്‍ ഇന്‍ക്ലൂസിവ് ഗ്രോത്ത് എന്ന ആശയത്തിന്റെ കാതല്‍. ഈ ആശയം മികച്ചരീതിയില്‍ നടപ്പിലാക്കുന്ന ഒരു മണ്ഡലമാണ് ഏറ്റുമാനൂര്‍ എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഉത്തരവാദിത്ത ടൂറിസത്തിന് ഭാഗമായി ആയി സമൃദ്ധി എത്ത്‌നിക് ഫുഡ് റസ്റ്റോറന്റ് പുനരാരംഭിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. 10 സ്ത്രീകളായിരിക്കും ഇതിന്റെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്. ഇതിനാവശ്യ പ്രവര്‍ത്തികള്‍ പൂര്‍ണമായും കഴിഞ്ഞു. വരും ദിവസങ്ങളില്‍ ഉദ്ഘാടനം ചെയ്യാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് മന്ത്രി പറഞ്ഞു. കോവിഡ് മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ചത് ടൂറിസം മേഖലയെയാണ്. തദ്ദേശീയര്‍ക്ക് തൊഴില്‍ നഷ്ടം സംഭവിച്ചിട്ടുണ്ട്. അത് പുനരാരംഭിക്കാനുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത് എന്നും അതിനായി കുമരകത്ത് സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതായും മന്ത്രി വി എൻ വാസവൻ പറഞ്ഞു. സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നടത്തിക്കൊണ്ട് സഞ്ചാരികള്‍ക്കായി തുറന്നു നല്‍കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായി കുമരകം മാറും. ഇത് ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ ആത്മവിശ്വാസവും ആശ്വാസവും പകരും എന്നും അദ്ദേഹം പറഞ്ഞു.