ഭാരത് ബന്ദ്: സംസ്ഥാനത്ത് നാളെ ഹർത്താൽ, പരീക്ഷകൾ മാറ്റി.


തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ കർഷക ദ്രോഹ - ജനദ്രോഹ കരിനിയമങ്ങൾ പിൻവലിക്കണമെന്നും, ഇന്ധന വില വർധനവ് നിർത്തലാക്കാണെന്നും, പൊതുമേഖലാ സ്വകാര്യവത്കരണം ഉപേക്ഷിക്കണമെന്നുമുള്ള വിവിധ ആവശ്യങ്ങൾ ഉയർത്തി കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് കേരള ഹർത്താൽ നടത്തും.

സംസ്ഥാനത്ത് ഹർത്താലിന് എൽഡിഎഫും യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ. ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ പിന്തുണയോടെ ആഹ്വാനം ചെയ്ത ഹർത്താലിനോട് ബി എം എസ് ഒഴികെയുള്ള സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പത്രം, പാല്‍, ആംബുലന്‍സ്, മരുന്ന് വിതരണം, ആശുപത്രി സേവനം, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യ സര്‍വിസുകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തിങ്കളാഴ്ച്ച നടത്താൻ നിശ്ചയിച്ചിരുന്ന എംജി, കാലിക്കറ്റ്, കൊച്ചി സർവ്വകലാശാലാ പരീക്ഷകൾ മാറ്റി. പിഎസ്സി പരീക്ഷകളും മാറ്റി വെച്ചിട്ടുണ്ട്. നാളെ കെഎസ്ആർടിസി പതിവ് സർവ്വീസുകൾ നടത്തില്ല.