സംസ്ഥാനത്ത് പാഴ്സൽ വരുമാനത്തിൽ ഒന്നാമതെത്തി പാലാ ഹെഡ് പോസ്റ്റ് ഓഫീസ്, ഒരു വർഷത്തിനിടെ നടത്തിയത് 4 കോടി രൂപയുടെ പാർസൽ സർവ്വീസ്.


പാലാ: പാലാ ഹെഡ് പോസ്റ്റ് ഓഫീസിനു ഇത് അഭിമാന നിമിഷം, പാർസൽ വരുമാനത്തിൽ റെക്കോർഡ് നേട്ടമിട്ടു സംസ്ഥാനത്ത് ഒന്നാമതെത്തിയിരിക്കുകയാണ് പാലാ ഹെഡ് പോസ്റ്റ് ഓഫീസ്. 

 

 ഒരു വർഷത്തിനിടെ പാലായിൽ നിന്നും രാജ്യമെമ്പാടുമുള്ള വിവിധ സ്ഥലങ്ങളിലേക്ക് നടത്തിയത് 4 കോടി രൂപയുടെ പാർസൽ സർവ്വീസ് ആണ്. കോവിഡ് മഹാമാരി പടർന്നു പിടിച്ചതോടെ സാധനങ്ങൾ കൈമാറ്റം ചെയ്യാനും നിരവധി സ്ഥാപനങ്ങൾ തങ്ങളുടെ ഉത്പ്പന്നങ്ങൾ പാർസൽ വഴി വ്യാപനം നടത്തിയതും നേട്ടമിരട്ടിക്കാൻ കാരണമായി.

ലോക്ക് ഡൗൺ കാലയളവിൽ നിരവധി സ്ഥാപനങ്ങളാണ് തങ്ങളുടെ ബിസിനസ്സുകൾ ഓൺലൈൻ മേഖലയിലേക്ക് മാറ്റിയത്. ഇതോടെ ഉത്പ്പന്നങ്ങളും സേവനങ്ങളും ഓൺലൈനായി വീട്ടിലിരുന്നു കോവിഡിനെ പേടിക്കാതെ സുരക്ഷിതമായി തന്നെ വാങ്ങാൻ ജനങ്ങൾക്ക് കൂടുതൽ അവസരമൊരുക്കി. പാഴ്സലുകൾ കൂടുതലായി എത്തിയതോടെ ഇതിനായി പ്രത്യേകം സെക്ഷനും പാലാ ഹെഡ് പോസ്റ്റ് ഓഫീസിൽ ആരംഭിച്ചു.

പാലാ കേന്ദ്രമായി പ്രവർത്തിക്കുന്ന എൻട്രൻസ് കോച്ചിങ് സ്ഥാപനത്തിന്റെ പുസ്തകങ്ങളാണ് പാഴ്സലുകളിൽ കൂടുതലും. പോസ്റ്റ് ഓഫീസ് വഴി ലഭ്യമാക്കുന്ന പാഴ്സലുകൾ വീടുകളിൽ എത്തിച്ചു നൽകുന്നതിനാൽ കൂടുതലാളുകൾ ഇപ്പോൾ പാർസൽ സർവീസിനായി പോസ്റ്റ് ഓഫീസിനെ ആശ്രയിച്ചു തുടങ്ങിയിട്ടുണ്ട്.