കോട്ടയം: കോട്ടയം ജില്ലയില്‍ വിവിധ ആരോഗ്യസ്ഥാപനങ്ങളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് ആരോഗ്യ-വനിതാശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ഇതോടനുബന്ധിച്ച് നീണ്ടൂര്‍, പരിപ്പ് എന്നീ കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളില്‍ നടക്കുന്ന പൊതുസമ്മേളനം സഹകരണ രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു.
ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രികളില്‍ ദേശീയ ആരോഗ്യ ദൗത്യം മുഖേന 90 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ജെറിയാട്രിക് വാര്‍ഡുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പൂഞ്ഞാര്‍ ജി.വി. രാജ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തി. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ 22.5 ലക്ഷം രൂപയും പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തിന്റെ 27.5 ലക്ഷം രൂപയും ചെലവഴിച്ചാണ് ഈ കേന്ദ്രത്തിന്റെ പണി പൂര്‍ത്തീകരിച്ചത്.
വിളക്കുമാടം, മേമ്മുറി, പരിപ്പ്, പെരുമ്പനച്ചി, കുറിച്ചിത്താനം, കാട്ടിക്കുന്ന്, തൃക്കൊടിത്താനം, നീണ്ടൂര്‍, ശാന്തിപുരം എന്നിങ്ങനെ ഒന്‍പത് കുടുംബക്ഷേമകേന്ദ്രങ്ങള്‍ കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളായി ഉയര്‍ത്തും. ഇതോടെ ഇവിടങ്ങളില്‍ പോഷകാഹാര ക്ലിനിക്, പ്രായമായവര്‍ക്കുള്ള ആരോഗ്യ സേവനങ്ങള്‍, കുഞ്ഞുങ്ങളുടെ വളര്‍ച്ച പരിശോധന, പ്രമേഹം ഉള്‍പ്പെടെയുള്ള ജീവിതശൈലി രോഗ പരിശോധന, ഗര്‍ഭിണികള്‍ക്കുള്ള പരിശോധനകള്‍ തുടങ്ങിയ സേവനങ്ങള്‍ കൂടി ലഭ്യമാകും.
ഈ സേവനങ്ങള്‍ക്കായി ഒരു സ്റ്റാഫ് നഴ്സിനെ കൂടി അധികമായി നിയമിച്ചിട്ടുണ്ട്. കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളില്‍ കാത്തിരിപ്പു മുറി, പ്രതിരോധ കുത്തിവെപ്പ് മുറി, ഭക്ഷണ മുറി, ഐ.യു.സി.ഡി മുറി, ശുചി മുറി തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടാകും.