കോട്ടയം: കോട്ടയത്ത് കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോട്ടയം കടുത്തുരുത്തി ആയാംകുടി നാലുസെന്‍റ് കോളനിയിൽ വ്യാഴാഴ്ച വൈകിട്ട് 3 മണിയോടെയായിരുന്നു സംഭവം.
ആയാംകുടി ഇല്ലിപ്പടിക്കൽ രത്നമ്മ (57)യെ ആണ് ഭർത്താവ് ചന്ദ്രൻ കുത്തിക്കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ചു ആത്മഹത്യക്ക് ശ്രമിച്ചത്. ചന്ദ്രനെ അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നതായും അയൽവാസികൾ പറഞ്ഞു. വ്യാഴാഴ്ചയും വീട്ടിൽ വഴക്കുണ്ടാകുകയും തുടർന്ന് ചന്ദ്രൻ രത്നമ്മയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം വിഷം കഴിക്കുകയുമായിരുന്നു.