ഇടുക്കി ഡാം സന്ദർശിക്കാം! ഒക്ടോബർ 16 വരെ സന്ദർശകർക്ക് അനുമതി.


ലോക്ക് ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് ഏറെ നാളുകളായി സന്ദർശനം നിർത്തി വെച്ചിരുന്ന ഇടുക്കി ചെറുതോണി ഡാമുകൾ സന്ദർശിക്കുന്നതിനായി ഒക്ടോബർ 16 വരെ സന്ദർശകർക്ക് അനുമതി നൽകി. ഓണത്തിനോടനുബന്ധിച്ചു ഡാമുകളിൽ സന്ദർശകർക്ക് അനുമതി നൽകിയിരുന്നു.

 

 കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു സുരക്ഷിതമായി കാഴ്ച്ചകൾ കാണാനാണ് അവസരമൊരുക്കിയിരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമായ ഇടുക്കി ഡാമിന്റെ ജലനിരപ്പിൽ നിന്നും 350 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഹിൽവ്യൂ പാർക്ക്, ഇവിടെ നിന്നും കുറവൻ -കുറത്തിമലകളെ ബന്ധിപ്പിക്കുന്ന ആർച്ച് ഡാം, ചെറുതോണി-കുളമാവ് ഡാമുകൾ, വൈശാലി ഗുഹ, നാടുകാണി പവലിയൻ ഇവ ഉൾപ്പെടുന്ന പ്രകൃതിയുടെ ഹരിത സൗന്ദര്യം ആസ്വദിക്കുവാൻ കെ എസ് ഇ ബി അവസരമൊരുക്കുന്നു.

 

 ചെറുതോണിയിലെ ഹൈഡൽ ടൂറിസം ഓഫിസിൽ ഡാമുകൾ സന്ദർശിക്കുന്നതിനായുള്ള ടിക്കറ്റുകൾ ലഭിക്കും. ഒപ്പം വനം വകുപ്പൊരുക്കുന്ന ബോട്ടു സവാരിയുമുണ്ട്. ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ ചുറ്റികാണാനുള്ള ബാറ്ററികാര്‍ ("ബഗ്ഗി ") ഇടുക്കിയില്‍ എത്തിയിട്ടുണ്ട്. ചെറുതോണി അണക്കെട്ടിന്റെ കവാടത്തില്‍നിന്നാരംഭിച്ച് ഇടുക്കി അണക്കെട്ടിന്റെ മുഴുവന്‍ സ്ഥലങ്ങളും പിന്നിട്ട് അവസാന കവാടത്തില്‍ അവസാനിക്കുന്നതാണ് ബാറ്ററി കാറിലെ യാത്ര. ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ക്കിടയില്‍ രണ്ട് കിലോമീറ്ററോളം ദൂരമുണ്ട്. അതിനാല്‍ ബാറ്ററി കാര്‍ ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്കൊരു ആശ്വാസമാണ്. കേരള ഹൈഡൽ ടൂറിസത്തിന്റെ ഇടുക്കി-ചെറുതോണി ഡാമുകൾ പൊതുജനങ്ങൾക്ക് സന്ദർശിക്കുന്നതിനായുള്ള അനുവാദം ഇപ്പോൾ 2021 ഒക്ടോബർ 16 വരെ നീട്ടിയിട്ടുണ്ട്.