തിരുവനന്തപുരം: സെമി ഹൈസ്പീഡ് റെയില്‍വേ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിനു ഗുണകരമായ പദ്ധതി നടപ്പിലാക്കാൻ സർക്കാർ തീരുമാനിക്കുമ്പോൾ നാടിന്റെ ഭാവി തുലയ്ക്കുന്ന എതിർപ്പുകളിൽ നിന്നും യുഡിഎഫ് പിന്മാറണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കെ-റെയിൽ പദ്ധതിയുടെ ഭാഗമായി സ്ഥലം ഏറ്റെടുക്കുമ്പോൾ കൃത്യമായ പുനരധിവാസ പദ്ധതിയുണ്ടാകും എന്നും കാലത്തിനനുസൃതമായ നഷ്ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സെമി ഹൈസ്പീഡ് റെയില്‍വേ ലൈന്‍ പദ്ധതിക്കായി കോട്ടയം ഉൾപ്പടെ 11 ജില്ലകളിലെ സ്ഥലം ഏറ്റെടുക്കാൻ ഓഗസ്റ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ചേർന്ന മന്ത്രി സഭാ യോഗത്തിൽ തീരുമാനം കൈക്കൊണ്ടിരുന്നു. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ,പത്തനംതിട്ട, കോട്ടയം,എറണാകുളം, തൃശ്ശൂര്‍,കോഴിക്കോട്, മലപ്പുറം,കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിവിധ വില്ലേജുകളില്‍ നിന്നായി 955.13 ഹെക്ടര്‍ ഭൂമി എല്‍.എ.ആര്‍.ആര്‍. ആക്ട്, 2013 ലെ വ്യവസ്ഥകള്‍ക്കു വിധേയമായി റെയില്‍വേ ബോര്‍ഡില്‍ നിന്നും പദ്ധതിക്കുള്ള അന്തിമ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. കോട്ടയം ഉൾപ്പടെ തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ 11 സ്റ്റോപ്പുകളാണുള്ളത്. അതേസമയം യുഡിഎഫിനെ കൂടാതെ വിവിധ ഭാഗങ്ങളിലായി വിവിധ സംഘടനകൾ പദ്ധതിക്ക് എതിർപ്പുമായും രംഗത്തുണ്ട്. സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിക്കു എതിരെ ഏറ്റുമാനൂരിൽ കേരളാ ആന്റി സെമി ഹൈസ്പീഡ് ആക്ഷൻ കൗൺസിൽ കോട്ടയത്തിന്റെ നേതൃത്വത്തിൽ മുൻപ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയായ സിൽവർ ലൈൻ പ്രൊജക്റ്റ് കെ-റെയിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി നിരണം ഭദ്രാസനാധിപന്‍ യാക്കോബായ ബിഷപ്പ് ഗീവര്‍ഗീസ് മാർ കൂറിലോസ് രംഗത്തെത്തിയിരുന്നു.