തിരുവനന്തപുരം: സെമി ഹൈസ്പീഡ് റെയില്‍വേ കെ-റെയിൽ സിൽവർ ലൈന്‍ പദ്ധതിക്കായി സംസ്ഥാന സർക്കാരിന്റെ വിഹിതമായ 2100 കോടി രൂപ കിഫ്‌ബി വായ്പ നൽകും. കിഫ്ബിയുടെ ആവശ്യപ്രകാരം കെ-റെയിലിനെ സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളായി തീരുമാനിച്ചു ഗതാഗത വകുപ്പ് ഉത്തരവിറക്കി. ഭൂമി ഏറ്റെടുക്കുന്ന കാര്യങ്ങൾക്കായി റവന്യു വകുപ്പിനൊപ്പം കെ-റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷനും പ്രവർത്തിക്കും. പദ്ധതിക്കാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനായാണ് കിഫ്‌ബി 2100 കോടി രൂപ വായ്പ നൽകുന്നത്. പതിനോരായിരത്തി എണ്ണൂറ്റി മുപ്പത്തിയേഴ് കോടി രൂപയാണ് സ്ഥലം ഏറ്റെടുക്കുന്നതിനും പുനരധിവാസത്തിനുമായി കണക്കാക്കിയിരിക്കുന്നത്. സെമി ഹൈസ്പീഡ് റെയില്‍വേ ലൈന്‍ പദ്ധതിക്കായി കോട്ടയം ഉൾപ്പടെ 11 ജില്ലകളിലായി ഏറ്റെടുക്കുന്നത് 955 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. സിൽവർ ലൈൻ പദ്ധതിക്കായി കോട്ടയം ജില്ലയിൽ മാത്രം ഏറ്റെടുക്കുന്നത് 108.11 ഹെക്ടർ ഭൂമിയാണ്. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ,പത്തനംതിട്ട, കോട്ടയം,എറണാകുളം, തൃശ്ശൂര്‍,കോഴിക്കോട്, മലപ്പുറം,കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിവിധ വില്ലേജുകളില്‍ നിന്നായി 955.13 ഹെക്ടര്‍ ഭൂമി എല്‍.എ.ആര്‍.ആര്‍. ആക്ട്, 2013 ലെ വ്യവസ്ഥകള്‍ക്കു വിധേയമായി റെയില്‍വേ ബോര്‍ഡില്‍ നിന്നും പദ്ധതിക്കുള്ള അന്തിമ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഏറ്റെടുക്കുന്നത്. പദ്ധതിയുടെ പ്രാരംഭ നടപടികളുടെ ഭാഗമായി 7 തസ്തികകള്‍ ഉള്‍പ്പെടുന്ന ഒരു സ്‌പെഷ്യല്‍ ഡപ്യൂട്ടി കളക്ടര്‍ ഓഫീസും പാത കടന്നു പോകുന്ന ജില്ലകള്‍ ആസ്ഥാനമായി 18 തസ്തികകള്‍ വീതം ഉള്‍പ്പെടുന്ന 11 സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ (എല്‍.എ) ഓഫീസുകളും ആരംഭിക്കും. തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയാണ് സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി. കോട്ടയം ഉൾപ്പടെ തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ 11 സ്റ്റോപ്പുകളാണുള്ളത്. കെ-റെയിൽ പദ്ധതിയുടെ ഭാഗമായി സ്ഥലം ഏറ്റെടുക്കുമ്പോൾ കൃത്യമായ പുനരധിവാസ പദ്ധതിയുണ്ടാകും എന്നും കാലത്തിനനുസൃതമായ നഷ്ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സെമി ഹൈസ്പീഡ് റെയില്‍വേ ലൈന്‍ പദ്ധതിക്കായി കോട്ടയം ഉൾപ്പടെ 11 ജില്ലകളിലെ സ്ഥലം ഏറ്റെടുക്കാൻ ഓഗസ്റ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ചേർന്ന മന്ത്രി സഭാ യോഗത്തിൽ തീരുമാനം കൈക്കൊണ്ടിരുന്നു.
സിൽവർ ലൈൻ പദ്ധതിക്ക് 2100 കോടി രൂപ കിഫ്‌ബി വായ്പ നൽകും.