കർഷക ദ്രോഹ ബില്ലുകൾ പിൻവലിക്കണം; മോൻസ് ജോസഫ് എംഎൽഎ.


കടത്തുരുത്തി: കേന്ദ്ര സർക്കാർ കൊണ്ട് വന്ന മൂന്ന് കർഷകദ്രോഹ ബില്ലുകൾ ഇനിയെങ്കിലും പിൻവലിക്കാൻ തയ്യാറാകണമെന്ന് കേരളാ കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ.മോൻസ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. കർഷക വിരുദ്ധ ബില്ലുകൾക്ക് ഒരു വർഷം തികയുന്നത് കണക്കിലെടുത്ത് രാജ്യ വ്യാപകമായി നടക്കുന്ന കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് കേരളാ കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി കടുത്തുരുത്തിയിൽ നടത്തിയ കർഷക ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക മേഖലയെ രക്ഷിക്കാനും കോവിഡ് കാലഘട്ടത്തിന്റെ ദുരന്ത പൂർണ്ണമായ സാഹചര്യങ്ങളെ അതിജീവിക്കാനും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ വെറും പ്രഖ്യാപനങ്ങൾ നടത്തുന്നത് അല്ലാതെ കൃഷിക്കാരെ സഹായിക്കാൻ യാതൊരുവിധ ആശ്വാസ നടപടികളും ഇതുവരെയും സ്വീകരിക്കാത്തത് കൃഷിക്കാരോടുള്ള വെല്ലുവിളിയാണെന്ന് മോൻസ് ജോസഫ്  കുറ്റപ്പെടുത്തി. കേരളാ കോൺഗ്രസ് സംസ്ഥാന അഡ്വൈസർ ഇ.ജെ അഗസ്തി അധ്യക്ഷത വഹിച്ച യോഗത്തിൽ പാർട്ടി നേതാക്കളായ മാഞ്ഞൂർ മോഹൻ കുമാർ, തോമസ് കണ്ണന്തറ, സ്റ്റീഫൻ പാറാവേലി, ജോസ് വഞ്ചിപ്പുര, ആപ്പാഞ്ചിറ പൊന്നപ്പൻ, ആയാംകുടി വാസുദേവൻ നമ്പൂതിരി, ഷിബു പോതമാക്കീൽ, ജോണി കണിവേലി, ബോബൻ മഞ്ഞളാംമലയിൽ, ജോണിച്ചൻ പൂമരത്തേൽ, തോമസ് വടക്കേ പറമ്പിൽ, അരുൺ പുഞ്ചയിൽ, ജോസ്മോൻ മാളിയേക്കൽ, ജിൻസ് ചക്കാല, ടുഫിൻ തോമസ്, പി.ജെ ജോസഫ് പതിയാമറ്റം, മാമച്ചൻ നിലപ്പന, ജോയി വഞ്ചിപ്പുര എന്നിവർ പ്രസംഗിച്ചു.