ആനന്ദചിരിയിൽ ചന്ദ്രന്‍പിള്ള! മോഷ്ടാവിന്റെ മനസലിഞ്ഞു, 33 വര്‍ഷമായി കൂടെയുള്ള സൈക്കിൾ തിരികെ ലഭിച്ചു.


കാഞ്ഞിരപ്പള്ളി: കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി ദുഃഖം തളംകെട്ടി നിന്നിരുന്ന ചന്ദ്രൻപിള്ളയുടെ മുഖവും മനസ്സും ഇപ്പോൾ ആനന്ദചിരിയിലാണ്. കാണാതായ സൈക്കിൾ ചന്ദ്രൻപിള്ളക്ക് തിരികെ ലഭിച്ചു. വിഴിക്കത്തോട് ശ്രീവിലാസം ഹോട്ടലിൽ വർഷങ്ങളായി ഭക്ഷണപ്രിയർക്ക് രുചി വിഭവങ്ങൾ നൽകി പരിചിതനാണ് എല്ലാവർക്കും ചന്ദ്രൻപിള്ള.

 

 രുചി വിഭവങ്ങൾ പാകം ചെയ്യുന്നതിനായി വിറക് ശേഖരിക്കുന്നത് തനിക്കൊപ്പം 33 വർഷമായി കൂടെയുള്ള സന്തത സഹചാരിയായ തന്റെ സൈക്കിളിലാണ്. ഈ സൈക്കിളാണ് തിങ്കളാഴ്ച വൈകിട്ടോടെ കാണാതായത്. വിറക് ശേഖരിക്കുന്നതിനായി തോട്ടത്തിനു സമീപം റോഡരുകിൽ നിർത്തിയിട്ടിരുന്ന സൈക്കിളാണ് കാണാതായത്. എത്ര വലിയ വിറകും സൈക്കിളിൽ കെട്ടി വെച്ച് അനായാസം സൈക്കിൾ സവാരി നടത്തുന്നയാളായിരുന്നു ചന്ദ്രൻപിള്ള.

വിറക് മാത്രമല്ല, പലചരക്ക് സാധനങ്ങളും മറ്റു വസ്തുക്കളും എല്ലാം സൈക്കിളിലും ചിലപ്പോൾ തലയിൽ വെച്ചും തോളിൽ വെച്ചും അനായാസം സൈക്കിൾ ചവിട്ടി വരുന്ന ചന്ദ്രൻപിള്ള എല്ലാവർക്കും കൗതുകവും അതിശയവുമായിരുന്നു. സൈക്കിൾ മോഷണം പോയതോടെ അതീവ ദുഖിതനായിരുന്നു ചന്ദ്രൻപിള്ള. സൈക്കിൾ കാണാതായ വിവരം വിവിധ മാധ്യമങ്ങളിലും വാർത്ത വന്നിരുന്നു. ചിറക്കടവ് മണ്ണംപ്ലാവ് പാലത്തിന് സമീപം വഴിയരികില്‍ ഉപേക്ഷിച്ച നിലയിലാണ് ഇന്ന് സൈക്കിള്‍ കണ്ടെത്തിയത്.

പോലീസിന്റെ സാന്നിധ്യത്തില്‍ ചന്ദ്രൻപിള്ള സൈക്കിള്‍ തിരികെയെടുത്തു. സൈക്കിള്‍ കൊണ്ടു പോയവര്‍ ആരെങ്കിലും വാര്‍ത്തയറിഞ്ഞ് ഉപേക്ഷിച്ചു പോയതാകാം എന്നാണു കരുതുന്നത്. സൈക്കിൾ ലഭിച്ചതോടെ  64 കാരനായ ചന്ദ്രന്‍പിള്ളക്ക് സന്തോഷമടക്കാനായില്ല, റോഡിൽ ഒന്ന് രണ്ടു വട്ടം ആനന്ദ സൈക്കിൾ സവാരി നടത്തിയ ശേഷമാണ് കടയിലേക്ക് കയറിയത്. വലിയൊരു ആത്മബന്ധമുള്ള സന്തത സഹചാരിയാണ് തന്റെ സൈക്കിളെന്നും തിരികെ ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ചന്ദ്രന്‍പിള്ള പറഞ്ഞു. വിവരമറിഞ്ഞു നാട്ടുകാരും സന്തോഷം പങ്കിടാനായി എത്തിയിരുന്നു.