ചങ്ങനാശേരി നിയോജകമണ്ഡലത്തിൽ 625 ഏക്കറിൽ കേരഗ്രാമം പദ്ധതി.


ചങ്ങനാശേരി: നാളീകേര കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ചങ്ങനാശേരി നിയോജകമണ്ഡലത്തിൽ 625 ഏക്കറിൽ കേരഗ്രാമം പദ്ധതി നടപ്പാക്കുന്നു. തൃക്കൊടിത്താനം പഞ്ചായത്തിൽ 350 ഏക്കറിലും പായിപ്പാട് 250 ഏക്കറിലും ചങ്ങനാശേരി നഗരസഭയിൽ 25 ഏക്കറിലുമാണ് പദ്ധതി നടപ്പാക്കുന്നത്. 51 ലക്ഷം രൂപയാണ് ആദ്യഘട്ടത്തിൽ ധനസഹായത്തിനായി അനുവദിച്ചിട്ടുള്ളത്. കർഷകർക്ക് മൂന്നു വർഷം തുടർച്ചയായി സഹായം ലഭ്യമാകും. ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള തുകയും തെങ്ങുകൃഷി വികസനത്തിനായി വകയിരുത്തിയിട്ടുണ്ട്. കുറഞ്ഞത് 10 തെങ്ങുള്ള കർഷകർക്കാണ് കേരഗ്രാമം പദ്ധതിയിൽ അംഗമാകാനാകുക. തെങ്ങിൻ തോട്ടങ്ങളുടെ ഉത്പാദനക്ഷമത വർധിപ്പിച്ച് കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതാണ് പദ്ധതി. ഉത്പാദനക്ഷമത കുറഞ്ഞ തെങ്ങുകൾ വെട്ടിമാറ്റി പുതിയ തെങ്ങിൻതൈ നടീൽ, ശാസ്ത്രീയ കൃഷി രീതി പ്രോത്സാഹിപ്പിക്കൽ, മെച്ചപ്പെട്ട രീതിയിലുളള രോഗപ്രതിരോധം, ജലസേചന സൗകര്യം ഉറപ്പാക്കൽ, മൂല്യവർധിത ഉത്പന്ന നിർമാണ സംരംഭങ്ങൾക്ക് സഹായം നൽകൽ, പ്രകൃതി ക്ഷോഭത്തിനെതിരേ ഇൻഷുറൻസ് പരിരക്ഷ തുടങ്ങിയവയാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. ഉത്പാദനക്ഷമത കുറഞ്ഞ തെങ്ങ് വെട്ടിമാറ്റുന്നതിന് 1000 രൂപ നൽകും. ഒരേക്കറിൽ പരമാവധി ഉത്പാദനക്ഷമത കുറഞ്ഞ നാലു തെങ്ങുകൾ വെട്ടിമാറ്റാം. ഗുണമേന്മയുള്ള തെങ്ങിൻതൈകൾ സബ്സിഡിയോടെ ലഭ്യമാക്കും. വളം, കീടനാശിനി എന്നിവയ്ക്കും സബ്സിഡി നൽകും. തടം നിർമിക്കൽ, വളം ഇടൽ, കീടനാശിനി പ്രയോഗം എന്നിവയ്ക്ക് സബ്‌സിഡി നൽകും. തെങ്ങിന്റെ മുകൾഭാഗം വൃത്തിയാക്കുന്നതിന് ആഗ്രോ സർവീസ് സെന്ററിലെ ടെക്‌നീഷ്യൻമാരുടെ സേവനവും കേരകർഷകർക്ക് ലഭ്യമാക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഓരോ വാർഡുതലത്തിലും കേരസമിതി രൂപീകരിച്ചാണ് പദ്ധതി ഏകോപിപ്പിക്കുന്നത്. പ്രസിഡന്റ് അധ്യക്ഷനായി പഞ്ചായത്തുതലത്തിലും കേരസമിതിയുണ്ട്. കൃഷി ഓഫീസർമാർക്കാണ് മേൽനോട്ട ചുമതല. വിശദവിവരത്തിന് ഫോൺ: 0481 2446201, 9383470664(പായിപ്പാട് കൃഷി ഭവൻ), 0481 2443201, 9383470673 (തൃക്കൊടിത്താനം കൃഷി ഭവൻ), 0481 2420205, 9383470671 (ചങ്ങനാശേഷി കൃഷി ഭവൻ).