കോട്ടയം: സ്ഥിരം യാത്രികരുടെയും തദ്ദേശീയരായ സഞ്ചാരികളുടെ വരവും കൂടിയതോടെ കോട്ടയം-ആലപ്പുഴ ബോട്ട് സർവ്വീസ് വീണ്ടും പഴയ പ്രതാപത്തിലേക്ക്. കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചതോടെ കൂടുതലാളുകൾ ബോട്ട് സർവ്വീസിനെ ആശ്രയിക്കാനാരംഭിച്ചതോടെ വരുമാനവും ഉയർന്നു തുടങ്ങി.
കോവിഡ് കാലത്തിനു മുൻപ് ദിവസേന പതിനയ്യായിരം രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്ത് കുറച്ചു നാൾ മുൻപ് വരെ പരിതാപകരമായ അവസ്ഥയിലായിരുന്നു. എന്നാൽ യാത്രക്കാരുടെ എണ്ണം കൂടിയതോടെയും കായൽ സൗന്ദര്യം നുകർന്ന് സഞ്ചാരം ആസ്വദിക്കാനായി എത്തുന്നവരുടെയും എണ്ണം കൂടിയതോടെ വരുമാനത്തിലും വർധനവുണ്ടായി. ഇപ്പോൾ ദിവസേന 6500 രൂപ വരെ വരുമാനം ലഭിക്കുന്നുണ്ട്.
3 ബോട്ടുകളാണ് നിലവിൽ സർവ്വീസ് നടത്തുന്നത്. ഞായറാഴ്ച്ചകളിലെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കിയതോടെ തദ്ദേശ സഞ്ചാരികൾ കൂടുതലായി എത്തുന്നുണ്ട്. കോട്ടയത്തു നിന്നും ആലപ്പുഴയിലേക്കും തിരിച്ചതും യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്.
കായൽ യാത്ര ആസ്വാദകർക്ക് കോട്ടയം ആലപ്പുഴ കായൽ യാത്രയിൽ കുറഞ്ഞ ചെലവിൽ കായൽ യാത്ര ആസ്വദിക്കാം എന്നതും ബോട്ട് സർവീസിലേക്ക് സഞ്ചാരികളെ കൂടുതലായി ആകർഷിക്കുന്നുണ്ട്.