കോട്ടയം: എന്റെ വിദ്യാർത്ഥികൾ ഇനി മുതൽ എന്നെ സർ എന്നു വിളിക്കേണ്ടതില്ല, അധ്യാപക ദിനത്തിൽ പുത്തൻ തീരുമാനമെടുത്തത് കോട്ടയം ബിസിഎം കോളജ് ഹിസ്റ്ററി ഡിപ്പാർട്മെന്റ് ഹെഡും അധ്യാപകനുമായ ഡോ. അജിസ് ബെൻ മാത്യു ആണ്.
അധ്യാപക ദിനത്തിലെ തന്റെ പുതിയ തീരുമാനം സമൂഹമാധ്യമങ്ങളിലൂടെയാണ് അജിസ് പങ്കുവെച്ചത്. കൊളോണിയൽ കാലത്ത് ഭരണവർഗ്ഗത്തെ വിധേയത്വത്തോടെ അഭിസംബോധന ചെയ്യുവാൻ ഉപയോഗിച്ചിരുന്ന പദമാണ് സർ എന്നുള്ളത്. സർക്കാർ ശമ്പളം വാങ്ങി വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന അധ്യാപകൻ യഥാർത്ഥത്തിൽ പൊതുജന സേവകനാണ്, യജമാനനല്ല എന്ന് അദ്ദേഹം പറഞ്ഞു.
വിധേയത്വത്തിലടിസ്ഥാനപ്പെട്ടിട്ടുള്ളതല്ല അധ്യാപക വിദ്യാർത്ഥി ബന്ധം എന്ന ഉത്തമ ബോധ്യമുള്ളതിനാൽ എന്റെ വിദ്യാർത്ഥികൾ ഇനി മുതൽ സർ എന്നു വിളിക്കേണ്ടതില്ല എന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു. പേരിനൊപ്പം മിസ്റ്റർ എന്നോ, ടീച്ചർ എന്നോ, ഒദ്യോഗിക സ്ഥാനപ്പേരോ, മെൻറർ, ഗൈഡ് തുടങ്ങി സൗകര്യപദമായ മറ്റ് അഭിസംബോധന ശൈലികൾ അവർക്ക് തിരഞ്ഞെടുക്കാം എന്നും അദ്ദേഹം പറയുന്നു.
കൂടുതൽ ഊഷ്മളമായ അധ്യാപക വിദ്യാർത്ഥി ബന്ധങ്ങൾക്ക് ഇത്തരം മാറ്റങ്ങൾ കാരണമാകുമെന്ന് കരുതുന്നതായും ഇനി മുതൽ ഗുഡ്മോണിംഗ് സർ എന്നല്ല; ഗുഡ് മോണിംഗ് മിസ്റ്റർ അജിസ് എന്നാവാം എന്നും ഡോ. അജിസ് ബെൻ മാത്യു കുറിച്ചു.