കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കോവിഡ് പോസിറ്റീവ് ആയി മരിച്ച അജ്‍ഞാതൻ്റെ മൃതദേഹം കോട്ടയം ഫയർ സ്റ്റേഷനിലെ സിവിൽ ഡിഫെൻസ് അംഗങ്ങൾ സംസ്കരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ വെച്ച് മരണമടഞ്ഞ അജ്‍ഞാതൻ്റെ മൃതദേഹം മറ്റു നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷമാണ് സിവിൽ ഡിഫൻസ് അംഗങ്ങളുടെ നേതൃത്വത്തിൽ മുട്ടമ്പലം പൊതുശ്മശാനത്തിൽ സംസ്കരിച്ചത്.
ആർപ്പൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോസിലി ടോമിച്ചന്റെ നിർദേശ പ്രകാരമാണ് സിവിൽ ഡിഫൻസ് അംഗങ്ങൾ സംസ്കാരം നടത്തിയത്. കേരളാ സിവിൽ ഡിഫൻസ് കോട്ടയം ഡെപ്യൂട്ടി ഡിവിഷണൽ വാർഡൻ വിശാൽ സോണിയുടെയും കോട്ടയം ഫയർ സ്റ്റേഷൻ സിവിൽ ഡിഫെൻസ് പോസ്റ്റ് വാർഡൻ നിധീഷിന്റെയും നേതൃത്വത്തിൽ സിവിൽ ഡിഫെൻസ് അഗങ്ങളായ ജോണിക്കുട്ടി, അൻസു റബേക്കാ, എലിസബത്ത് മാത്യു, ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് ജാഗ്രത സമതി അംഗം ജോഷി എന്നിവർ ചേർന്നാണ് മൃതദേഹം മുട്ടമ്പലം പൊതുശ്മശാനത്തിൽ സംസ്കരിച്ചത്.