കോട്ടയം മെഡിക്കൽ കോളേജിൽ വിവിധ പദ്ധതികളുടെ ഉത്‌ഘാടനം ചൊവ്വാഴ്ച്ച ആരോഗ്യ മന്ത്രി നിർവ്വഹിക്കും.


കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ വിവിധ പദ്ധതികളുടെ ഉത്‌ഘാടനം ചൊവ്വാഴ്ച്ച ഉച്ചക്ക് ഒരു മണിക്ക് ഗവണ്മെന്റ് നേഴ്‌സിങ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവ്വഹിക്കും.

ആതുര സേവന രംഗത്തും മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലും മുൻപന്തിയിൽ നിൽക്കുന്ന കോട്ടയം മെഡിക്കൽ കോളേജിൽ സർക്കാരിന്റെ പ്രത്യേക പരിഗണനയോടെ നിരവധി വികസന പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി പൂർത്തീകരിച്ച നേഴ്‌സിങ് കോളേജ് ലൈബ്രറി കം ഓഡിറ്റോറിയവും ചേർന്ന കെട്ടിട സമുച്ചയം, കുട്ടികളുടെ ആശുപത്രിയിലെ ഓക്സിജൻ ജനറേറ്റർ, മെഡിക്കൽ കോളേജിലെ സബ് സ്റ്റേഷൻ, പുതുതെയി സ്ഥാപിച്ച ഒരു കോടി രൂപ മുതല്മുടക്കുള്ള 750 കെ വി ജനറേറ്റർ, നെഫ്രോളജി ലാബ്, നവീകരിച്ച 7,8 വാർഡുകൾ എന്നിവയുടെ ഉത്ഘടനമാണ് ചൊവ്വാഴ്ച്ച നടക്കുന്നത്.

ചടങ്ങിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എംപി മുഖ്യപ്രഭാഷണം നടത്തും. 6 കോടി 20 ലക്ഷം രൂപ മുടക്കി നിർമ്മാണം പൂർത്തീകരിച്ചതാണ് നേഴ്‌സിങ് കോളേജ് ഓഡിറ്റോറിയവും ലൈബ്രറി എക്‌സാമിനേഷൻ ഹാൾ മുതലായവയും ചേർന്ന കെട്ടിട സമുച്ചയം. 40 ലക്ഷം രൂപ മുടക്കിയാണ് 7,8 വാർഡുകൾ ന്യുറോ സർജറി, കണ്ണിന്റെ സർജറി എന്നിവ കഴിഞ്ഞ രോഗികൾക്കായി കൂടുതൽ സൗകര്യങ്ങളോടെ നവീകരിച്ചിരിക്കുന്നത്. ഒരു കോടി രൂപ മുടക്കിയാണ് കുട്ടികളുടെ ആശുപത്രിയിൽ ഓക്സിജൻ ജനറേറ്റർ സ്ഥാപിക്കുന്നത്. ഇതോടെ കുട്ടികളുടെ ആശുപത്രിയിൽ ഓക്സിജന്റെ കാര്യത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനാകും. 2411300 രൂപ മുടക്കിയാണ് നെഫ്രോളജി ലാബ് സജ്ജമാക്കിയിരിക്കുന്നത്. ചടങ്ങിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.കെ പി ജയകുമാർ, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാർ ടി കെ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.റംലാ ബീവി, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് റോസിലി, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല തുടങ്ങിയവർ പങ്കെടുക്കും.