ചെയർപേഴ്സൺ തെരഞ്ഞെടുപ്പ്: കോട്ടയം നഗരസഭയിൽ വീണ്ടും നറുക്കെടുപ്പിനു സാധ്യതയോ? ബിൻസി സെബാസ്റ്റ്യന്റെ നിലപാട് നിർണ്ണായകം.


കോട്ടയം: കോട്ടയം നഗരസഭയിൽ പിന്തുണകൾക്കും നിലപാടുകൾക്കും വീണ്ടും പ്രസക്തിയേറുന്നു. ഒരു മാസത്തിനുള്ളിൽ നഗരസഭയിൽ നടക്കുന്ന ചെയർപേഴ്സൺ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലാണ് പിന്തുണകൾക്കും നിലപാടുകൾക്കും വീണ്ടും പ്രസക്തിയേറുന്നത്.

എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ യുഡിഎഫിന് ഭരണം നഷ്ടമായിരുന്നു. യുഡിഎഫ് ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനെതിരെ ആയിരുന്നു അവിശ്വാസ പ്രമേയം. ബിജെപി പിന്തുണയോടെ 29 വോട്ടുകളുടെ പിന്തുണയോടെയാണ് കോട്ടയം നഗരസഭയിൽ അവിശ്വാസ പ്രമേയം പാസായതും യുഡിഎഫിന് അധികാരം നഷ്ടമായതും. എന്നാൽ ഒരു മാസത്തിനുള്ളിൽ വീണ്ടും കോട്ടയം നഗരസഭയിൽ ചെയർപേഴ്സൺ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ വീണ്ടും നറുക്കെടുപ്പിനുള്ള സാധ്യത നിലനിൽക്കുന്നതിനൊപ്പം ബിൻസി സെബാസ്റ്റ്യന്റെ നിലപാട് നിർണ്ണായകമാണ്. 52 അംഗ നഗരസഭയിൽ കോൺഗ്രസ്സ് വിമതയായി വിജയിച്ചു യുഡിഎഫിനൊപ്പം ചേർന്ന് നറുക്കെടുപ്പിലൂടെ ചെയർപേഴ്സനായ വ്യക്തിയാണ് ബിൻസി സെബാസ്റ്റ്യൻ. നഗരസഭയിൽ എൽഡിഎഫിന് 22 അംഗങ്ങളും യുഡിഎഫിന് 21 അംഗങ്ങളും ബിജെപിക്ക് 8 അംഗങ്ങളുമുണ്ടായിരുന്ന സ്ഥാനത്താണ് ബിൻസി യുഡിഎഫിനൊപ്പം ചേർന്നതോടെ എൽഡിഎഫിലും യുഡിഎഫിലും തുല്യ അംഗങ്ങളായി മാറിയത്. ഇതേത്തുടർന്നാണ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് നറുക്കെടുപ്പ് നടത്തിയത്. ഈ നറുക്കെടുപ്പിൽ ഭാഗ്യം പിന്തുണച്ചത് ബിൻസിയെയായിരുന്നു. 5 വർഷം ചെയർപേഴ്സൺ സ്ഥാനം നൽകാമെന്ന ഉറപ്പിലാണ് യുഡിഎഫിനൊപ്പം നിന്നതെന്നു ബിൻസി പറയുന്നു. എന്നാൽ കോൺഗ്രസ്സിലെ ഒരു വിഭാഗം ഇതിനെ എതിർക്കുന്നുമുണ്ട്. യുഡിഎഫിന് ഭരണം നഷ്ടമായതോടെ പെട്ടന്നൊരു തീരുമാനം എടുക്കില്ല എന്ന് ബിൻസി സെബാസ്റ്റ്യൻ പറയുന്നു. ചെയർപേഴ്സൺ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ പരിഗണിക്കണമോ എന്ന് തീരുമാനമെടുക്കേണ്ടത് പാർട്ടിയാണെന്നും ബിൻസി സെബാസ്റ്റ്യൻ പറഞ്ഞു. കോട്ടയം നഗരസഭയിൽ ചെയർപേഴ്സൺ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും ബിജെപി യും മത്സരിക്കും. ബിൻസി യുഡിഎഫിനൊപ്പം തന്നെ നിന്നാൽ  വീണ്ടും നറുക്കെടുപ്പിനാണ് കൂടുതൽ സാധ്യത.