കോട്ടയം: കോട്ടയം ജില്ലയിൽ കെ എസ് ഇ ബി യുടെ വാഹന ചാർജിങ് സ്റ്റേഷനുകൾ ഒരുങ്ങുന്നു. കെഎസ്ഇബിയുടെ ചാർജിംഗ് സ്റ്റേഷനുകൾ പള്ളം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ്, കോട്ടയം ഈസ്റ്റ് സെക്ഷൻ ഓഫീസ്, ഗാന്ധിനഗർ സെക്ഷൻ ഓഫീസ് എന്നിവിടങ്ങളിലാണ് നിർമ്മിക്കുക.
ആദ്യഘട്ടത്തിൽ 3 ചാർജിങ് കേന്ദ്രങ്ങളാണ് കെ എസ് ഇ ബി ഒരുക്കുന്നത്. കോട്ടയം ജില്ലയിൽ 8 ഇലക്ട്രിക്ക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണു പദ്ധതിയുള്ളത്. ഇവയിൽ 3 എണ്ണം കെ എസ് ഇ ബി യും 5 എണ്ണം അനെർട്ടുമാണ് സ്ഥാപിക്കുന്നത്. സർക്കാരിന്റെ ഇലക്ട്രിക്ക് വാഹന നയം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇലക്ട്രിക്ക് വാഹന ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കുന്നത്.
ചാർജിങ് സെന്ററുകൾ സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക ഒരുക്കങ്ങൾ ഈ മൂന്നു സ്ഥലങ്ങളിലും ആരംഭിച്ചു. കേന്ദ്ര ഊർജ മന്ത്രാലയത്തിന് കീഴിലുള്ള എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ് എന്ന സ്ഥാപനവുമായി അനെർട്ടും ഡൽഹി ആസ്ഥാനമായ ഒകായാ പവർ, അഹമ്മദാബാദ് ആസ്ഥാനമായുള്ള ടൈറക്സ് ട്രാൻസ്മിഷൻ എന്നീ സ്ഥാപനങ്ങളുമായി കെഎസ്ഇബിയും കരാറുണ്ടാക്കിയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കാനായി സ്ഥലം പാട്ടത്തിനാണ് അനെർട്ട് എടുക്കുന്നത്. വാടകയായി ഒരു യൂണിറ്റ് വൈദ്യുതിക്ക് 70 പൈസ എന്ന നിരക്കിൽ സ്ഥലം നൽകുന്ന ഉടമയ്ക്ക് ലഭിക്കും. ആദ്യഘട്ടത്തിൽ ഒരേ സമയം മൂന്നു വാഹനങ്ങൾക്ക് വളരെ വേഗത്തിൽ ചാർജ് ചെയ്യാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. പിന്നീട് ചാർജ് തീർന്ന ബാറ്ററികൾ കേന്ദ്രത്തിൽ എത്തിച്ചു ചാർജ് ആക്കി കൊണ്ട് പോകാവുന്നതാണ്. പൊൻകുന്നം,കാഞ്ഞിരപ്പള്ളി,ചങ്ങനാശ്ശേരി മേഖലകളിലും ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കും.