കുറവിലങ്ങാട്: കുറവിലങ്ങാട് മഠത്തിലെ കുർബാനക്കിടെ വൈദികന്റെ വർഗീയ പ്രസംഗത്തിനെതിരെ കന്യാസ്ത്രികൾ രംഗത്ത്. കുറവിലങ്ങാട് സെന്റ് ഫ്രാൻസീസ് ഹോമിലെ ഞായറാഴ്ച്ച കുർബാനയ്ക്കിടെയാണ് വൈദികൻ മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.
പാലാ ബിഷപ്പ് പറഞ്ഞ കാര്യങ്ങൾ സത്യമാണെന്നും പറഞ്ഞാണ് വൈദികൻ മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്. വൈദികന്റെ വർഗീയ നിലപാടിനെതിരെ പ്രതിഷേധിച്ച് കന്യാസ്ത്രികൾ കുർബാന ബഹിഷ്ക്കരിച്ചു. കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രികളായ സിസ്റ്റർ അനുപമ, നീനാ റോസ്,ആൽഫി, ജോസഫിന് എന്നിവരാണ് വൈദികന്റെ പ്രസംഗത്തിനെതിരെ പ്രതിഷേധിച്ചത്.
ഇതിനു മുൻപും ഇതേ വൈദികൻ മുസ്ലിം വിരുദ്ധ പരാമർശം നടത്തിയെന്നും ഇന്ന് വീണ്ടും ഇതാവർത്തിച്ചപ്പോൾ കുർബാന മദ്ധ്യേ പ്രതികരിക്കുകയായിരുന്നു എന്നും സിസ്റ്റർ അനുപമ പറഞ്ഞു. വർഗീയത വിതയ്ക്കാനല്ല അയൽക്കാരെയും മറ്റുള്ളവരെയും സ്നേഹിക്കാനാണ് ക്രിസ്തു പഠിപ്പിച്ചിരിക്കുന്നത് എന്നും സിസ്റ്റർ അനുപമ പറഞ്ഞു.
പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ ലവ് ജിഹാദ് നർക്കോട്ടിക്ക് ജിഹാദ് പ്രസ്താവനകളോട് യോജിക്കുന്നില്ല എന്നും സിസ്റ്റർ അനുപമ പറഞ്ഞു.