കാലാകാലങ്ങളായി സ്ത്രീകൾക്ക് അവസരം നൽകുന്നതിൽ മുന്നിൽ എൽഡിഎഫ് തന്നെയാണ്, യുവാക്കളെപ്പോലെ സ്ത്രീകളെയും നേതൃനിരയിലേക്ക് കോൺഗ്രസ്സ് പരിഗണിക്കണം; ലതികാ സുഭ


കോട്ടയം: കോൺഗ്രസ്സിന്റെ സ്ത്രീവിരുദ്ധ നിലാപാടുകൾക്കെതിരെ തല മുണ്ഡനം ചെയ്തു ശക്തമായി പ്രതിഷേധിച്ച ലതികാ സുഭാഷ് അന്ന് പറഞ്ഞതൊക്കെ വീണ്ടും അടിവരയിട്ടുറപ്പിക്കുകയാണ് കോൺഗ്രസ്സിന്റെ ഇപ്പോഴത്തെയും പ്രവർത്തികൾ. വർഷങ്ങളായി നിയമസഭയിലേക്കും പാർലമെന്റ് സീറ്റിലേക്കും തെരഞ്ഞെടുപ്പ് സമയങ്ങളിൽ പേര് ഉയർന്നു കേട്ടെങ്കിലും അന്തിമ സ്ഥാനാർഥി പട്ടിക പുറത്തിറങ്ങുമ്പോൾ വെട്ടി മാറ്റിയ പേരുകളിലൊന്നായി മാറുകയായിരുന്നു ലതികാ സുഭാഷ്.

 

 കാലത്തിന്റെ ശരിക്ക് ഒപ്പം നിന്നതിന് ലക്ഷകണക്കിന് സ്ത്രീകളുടെ അന്തസ്സ് ഉയർത്താൻ വേണ്ടി നിലപാട് സ്വീകരിച്ച് കഴിഞ്ഞ മാർച്ചിലാണ്‌ മഹിളാ കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനം രാജി വെച്ച് ലതികാ സുഭാഷ് തെരഞ്ഞെടുപ്പിൽ പരിഗണന നൽകാഞ്ഞതിനെയും കോൺഗ്രസ്സിന്റെ സ്ത്രീവിരുദ്ധ നിലാപാടുകൾക്കെതിരെയും ഇന്ദിരാ ഭവനിൽ തല മുണ്ഡനം ചെയ്തു ശക്തമായി പ്രതിശേധിച്ചത്. സ്ത്രീകൾക്ക് വേണ്ടിയായിരുന്നു തന്റെ നിലപാടെന്നു ലതികാ സുഭാഷാ പറഞ്ഞു.

 

 നേതൃനിരയിലേക്ക് പുരുഷന്മാരെ മാത്രമല്ല കഴിവുള്ള സ്ത്രീകളെയും ഉൾപ്പെടുത്തണം. യുവാക്കളെപ്പോലെ സ്ത്രീകളെയും നേതൃനിരയിലേക്ക് കോൺഗ്രസ്സ് പരിഗണിക്കണം എന്നും കാലാകാലങ്ങളായി സ്ത്രീകൾക്ക് അവസരം നൽകുന്നതിൽ മുന്നിൽ എൽഡിഎഫ് തന്നെയാണ് എന്നും ലതികാ സുഭാഷ് പറഞ്ഞു. മുൻപ് കോൺഗ്രസ്സ് തുടർന്ന് വന്നിരുന്ന അതെ സ്ത്രീ വിരുദ്ധ നിലപാടുകൾ തന്നെയാണ് ഇപ്പോഴും ഉള്ളതെന്നും ഏറ്റവുമടുത്ത് ഡി സി സി പ്രസിഡന്റുമാരുടെ പട്ടിക പുറത്തിറങ്ങിയപ്പോൾ പോലും ഒരു വനിതയ്ക്ക് സ്ഥാനം നൽകിയിട്ടില്ല എന്നും ലതികാ സുഭാഷ് പറഞ്ഞു. മുൻപ് താൻ പ്രതികരിച്ചതിന് ഭാഗമായി പിന്നീട് കെ പി സി സി സെക്രട്ടറി സ്ഥാനത്തേക്കും കഴിഞ്ഞ തവണ കൊല്ലത്ത് ഡി സി സി പ്രസിഡന്റായി വനിതയ്ക്ക് സ്ഥാനം നൽകി പരിഗണിച്ചു. മഹിളാ കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനം രാജി വെച്ച് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്തു. പിന്നീട് പി സി ചാക്കോയുടെ നേതൃത്വത്തിൽ എൻ സി പി യിൽ ചേരുകയും ഇന്ന് സംസ്ഥാന വൈസ് പ്രസിഡന്റുമാണ് ലതികാ സുഭാഷ്. രാഹുൽ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും ആഹ്വാനങ്ങൾക്കും നിർദ്ദേശങ്ങൾക്കും പുല്ലവില കൽപ്പിച്ചാണ് കെപിസിസി നേതൃത്വം നിയമസഭാ സീറ്റ് വിഭജനം പൂർത്തിയാക്കിയത്. വനിതകൾ മുഖ്യമന്ത്രിമാരായി വരണമെന്നുള്ള രാഹുൽ ഗാന്ധിയുടെ ആഹ്വാനമോ ഇത്തവണ സ്ത്രീകൾക്ക് കൂടുതൽ സീറ്റ്  നൽകണമെന്നുള്ള  സോണിയ ഗാന്ധിയുടെ ആവശ്യമോ അംഗീകരിക്കാതെയും അതിന് പുല്ലവില കല്പിച്ചുമാണ് കെപിസിസി നേതൃത്വം സീറ്റ് വിഭജനം പൂർത്തിയാക്കിയത് എന്ന് ലതികാ സുഭാഷ് പറഞ്ഞു. കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദ്ദേശത്തെ പോലും പാടെ അവഗണിച്ചു കൊണ്ടുള്ള സ്ത്രീ വിരുദ്ധ നിലപാട് തുടർച്ചയായി സ്വീകരിച്ചു കൊണ്ടിരിക്കുന്ന കോൺഗ്രസ് നേതൃത്വനിരയെ മുൻകൂട്ടി അറിയിച്ചതിന് ശേഷം തന്നെയായിരുന്നു പ്രതിഷേധം എന്നും ലതികാ സുഭാഷ് പറഞ്ഞു. എന്റെ സമരവും പ്രതിഷേധവും കേവലം ലതികാ സുഭാഷ് എന്ന സ്ത്രീയുടെ സ്ഥാന ലഭ്യതയ്ക്കോ സീറ്റിന് വേണ്ടിയുള്ളതോ അല്ല. കാലങ്ങളായി സ്ത്രീകൾക്ക് നാമമാത്രവും തീരെ ജയ സാദ്ധ്യത ഇല്ലാത്തതുമായ സീറ്റുകൾ നൽകി വഞ്ചിക്കുന്ന സ്ത്രീ വിരുദ്ധ നയമുള്ള കോൺഗ്രസ് നേതൃത്വത്തിനെതിരെയായിരുന്നു,അതല്ലാതെ പാർട്ടിക്കെതിരെ ആയിരുന്നില്ല എന്നും ലതികാ സുഭാഷ് വ്യക്തമാക്കി. കേരളീയ സ്ത്രീ സമൂഹവും ജനങ്ങളും നൽകുന്ന പിന്തുണയിലും സ്നേഹത്തിലും അടിയുറച്ച് വിശ്വസിച്ച് മൂന്ന് പതിറ്റാണ്ടായി ഞാൻ നടത്തുന്ന പൊതുപ്രവർത്തനം പൂർവ്വാധികം ശക്തിയോടെ ചെയ്ത്  ജനങ്ങൾക്കിടയിൽ തന്നെ കാണും എന്നും ആരാണ് ശെരി എന്നത് കാലം തെളിയിക്കും എന്നും ലതികാ സുഭാഷ് പറഞ്ഞു.