മുഖാമുഖമെത്തിയ മരണത്തെ പുഞ്ചിരിച്ചു തോൽപ്പിച്ച മിടുക്കി, പാലാ സ്വദേശിനി ധന്യയുടെ ഫോട്ടോഷൂട്ട് ആഗ്രഹം സഫലമാക്കി മലബാർ ഗോൾഡ്.


കോട്ടയം: മുഖാമുഖമെത്തിയ മരണത്തെ പുഞ്ചിരിച്ചു തോൽപ്പിച്ച മിടുക്കിയായ പാലാ സ്വദേശിനി ധന്യക്ക് ഇത് ഏറ്റവും വലിയ ആഗ്രഹ സാഫല്യത്തിന്റെ നിമിഷമാണ്. ഒരു ചെറിയ കമന്റിൽ നിന്നും തന്റെ വലിയ ആഗ്രഹങ്ങളിലൊന്ന് തന്നെ തേടിയെത്തിയതിന്റെ സന്തോഷത്തിലും ആവേശത്തിലുമാണ് ധന്യ.

 

 പ്രമുഖ ജൂവലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജിൽ ധന്യ നൽകിയ കമന്റ് പിന്തുടർന്നാണ് മലബാർ ഗോൾഡിന്റെ അണിയറ പ്രവർത്തകർ ധന്യയുടെ ആഗ്രഹ സഫലീകരണത്തിനായി ഒപ്പം നിന്നത്. മലബാർ ഗോൾഡിന് വേണ്ടി ഒരു ഫോട്ടോഷൂട്ട് നടത്താൻ ആഗ്രഹമുണ്ട് എന്നായിരുന്നു ധന്യയുടെ കമന്റ്.

 

 മലബാർ ഗോൾഡിന്റെ ടീം ധന്യയുടെ പ്രൊഫൈൽ പരിശോധിക്കുകയും    ഫോട്ടോഷൂട്ട് ആഗ്രഹം സഫലമാക്കുകയുമായിരുന്നു.  പാലാ കടനാട് പാണ്ടിയാൻമാക്കൽ സോജന്റെ മകളായ ധന്യ(20) മുഖാമുഖമെത്തിയ മരണത്തെ പുഞ്ചിരിച്ചു തോൽപ്പിച്ച മിടുമിടുക്കിയാണ്. രക്തം ശരീരത്തിന്റെ പല ഭാഗത്തുമെത്തിക്കുന്നതിനായുള്ള ഹൃദയത്തിന്റെ പ്രവർത്തനം 20 ശതമാനം മാത്രമാണ്. കൺജസ്റ്റീവ് ഹാർട്ട് ഫെയ്‌ലിയർ എന്ന പ്രതിസന്ധി ഘട്ടത്തെ പുഞ്ചിരിയോടെ മാത്രമാണ് ധന്യ നേരിട്ടത്.

കഴിഞ്ഞ ഓഗസ്റ്റിലാണ് ധന്യ രോഗബാധിതയായത്. തുടർന്ന് നടത്തിയ ചികിത്സയ്ക്കും മരുന്നിനുമൊപ്പം ധന്യയുടെ ആത്മവിശ്വാസവുമാണ് പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കാൻ കരുത്തായത്. ഒരുപാട് ആഗ്രഹം മനസ്സിലുണ്ടായിരുന്നെങ്കിലും ഒട്ടും പ്രതീക്ഷിക്കാതെയാണ് മലബാർ ഗോൾഡിൽ നിന്നു കോൾ വന്നതെന്നും ഫോട്ടോഷൂട്ട് നടന്നതെന്നും ധന്യ പറയുന്നു. പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലും ആവേശത്തിലുമായിരുന്നു എന്നും ഈ ദിവസങ്ങളിൽ അസുഖ ബാധിതയാണെന്ന തോന്നൽ പോലും തന്നിൽ നിന്നും അകന്നു പോയതായും ധന്യ പറഞ്ഞു.

കഴിവുള്ള ഒരുപാട് ആളുകൾക്കിടയിൽ നിന്നും മകൾക്ക് ഇങ്ങനെ ഒരു അവസരം ലഭിച്ചത് ഒരുപാട് സന്തോഷം നൽകുന്നതായി ധന്യയുടെ പിതാവ് സോജൻ  പറഞ്ഞു. അപ്രതീക്ഷിത വിളിയിലൂടെയും ഫോട്ടോഷൂട്ടിലൂടെയും ആഗ്രഹ സാഫല്യത്തിനുമപ്പുറം ധന്യയ്ക്ക് സന്തോഷങ്ങളുടെ വിസ്മയം സമ്മാനിക്കാനായ നിറവിലാണ് മലബാർ ഗോൾഡിന്റെ അണിയറ പ്രവർത്തകർ. മലബാർ ഗോൾഡിന്റെ ടീം ധന്യയുടെ വീട് സന്ദർശിക്കുകയും വീട്ടിലെ സംസാരങ്ങളും ഫോട്ടോഷൂട്ട് സമയത്തെ ധന്യയുടെ വിസ്മയ നിമിഷങ്ങളും ചിത്രീകരിക്കുകയും ചെയ്തു. ഇത്തരത്തിൽ ഒരു അവസരം ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ധന്യ പറഞ്ഞു.