കോട്ടയം: കോട്ടയത്തിനു പിങ്ക് വസന്തം സമ്മാനിച്ചു ഏക്കറുകണക്കിന് പാടശേഖരങ്ങളിലായി പടർന്നു കിടക്കുന്ന വിസ്മയ കാഴ്ച്ചകൾ കാണാൻ സഞ്ചാരികൾ മലരിക്കലിൽ വീണ്ടും എത്തി. ഞയറാഴ്ച്ച മലരിക്കലിൽ അവധി ദിനം ആഘോഷമാക്കി നിരവധിപ്പേരാണ് എത്തിയത്.
കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ചതിനു ശേഷമുള്ള ആദ്യ അവധി ദിനമായിരുന്നു ഞായറാഴ്ച്ച. സഞ്ചാരികൾക്കുള്ള നിരോധനം പിൻവലിച്ചതോടെ വീണ്ടും ആമ്പൽ വസന്തത്തിന്റെ വിസ്മയ കാഴ്ച്ചകൾ കാണാൻ അവസരം ഒരുങ്ങിയിരിക്കുകയാണ്.
കോവിഡ് വ്യാപനം രൂക്ഷമാകുകയും മലരിക്കൽ ഉൾപ്പെടുന്ന മേഖലകൾ അതീവ നിയന്ത്രണ മേഖലയിലും കണ്ടെയിന്മെന്റ് സോൺ പരിധിയിലും ഉൾപ്പെട്ടതിനെ തുടർന്നാണ് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തിയിരുന്നത്. മേഖലയിൽ പ്രതിവാര രോഗബാധ നിരക്ക് കുറഞ്ഞ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു സന്ദർശകർക്ക് അനുമതി നൽകിയിട്ടുണ്ട്. ഒക്ടോബർ ആദ്യവാരം വരെ ആമ്പൽ ഫെസ്റ്റ് കാണാൻ അവസരമൊരുക്കിയിട്ടുണ്ട് എന്ന് തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ മേനോൻ പറഞ്ഞു. നിരവധിപ്പേരാണ് കുടുംബാംഗങ്ങളുമായും സുഹൃത്തുക്കൾക്കൊപ്പവും ഞായറാഴ്ച്ച കോട്ടയത്തിന്റെ ആമ്പൽ വസന്തം കാണാനായി മലരിക്കലിലെത്തിയത്.
ചിത്രം: Subramanyan Venkiteswaran