പാലാ: കോവിഡ് സാഹചര്യത്തില്‍ വികസന പ്രവർത്തനങ്ങളുടെ നിർവ്വഹണത്തിൽ നേരിടുന്ന പ്രശ്നങ്ങള്‍ വേഗത്തിൽ പരിഹരിക്കുന്നതിനുള്ള നടപടികള്‍ക്ക് കോട്ടയം ജില്ലാ വികസന സമിതി തുടക്കം കുറിച്ചു. പദ്ധതികളുടെ പൂർത്തീകരണവുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്നങ്ങൾ വിലയിരുത്തുന്നതിന് നിയമസഭാ നിയോജക മണ്ഡലാടിസ്ഥാനത്തിൽ പദ്ധതി അവലോകനം നടത്താന്‍ ജൂലൈ മാസത്തില്‍ വികസന സമിതി തീരുമാനമെടുത്തിരുന്നു.
പാലാ നിയോജക മണ്ഡല തലത്തിലുള്ള യോഗം മാണി സി. കാപ്പന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ഇന്നലെ കളക്ടറേറ്റില്‍ ചേര്‍ന്നു. പ്ലാന്‍ഫണ്ടും എം.എല്‍.എ ഫണ്ടും വിനിയോഗിച്ചുള്ള വികസന പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്തു. വിവിധ വകുപ്പുകളുടെ മേധാവികൾ നിർവ്വഹണ പുരോഗതി റിപ്പോർട്ട് അവതരിപ്പിച്ചു.
നിർമാണ പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് നേരിടുന്ന തടസങ്ങൾ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ പൊതുമരാമത് വകുപ്പ് എക്സിക്യൂട്ടീസ് എൻജിനീയറെ ചുമതലപ്പെടുത്തി. റോഡ് നിർമ്മാണം, കുടിവെള്ള വിതരണം, ടൂറിസം വികസനം തുടങ്ങിയ പദ്ധതികള്‍ക്കായി സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കണമെന്ന് റവന്യൂ വകുപ്പ് ലാൻഡ് അക്വിസേഷൻ വിഭാഗത്തിന് നിർദേശം നൽകി. ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ, എ.ഡി.എം. ജിനു പുന്നൂസ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു എന്നിവർ പങ്കെടുത്തു.