മണിമല: കായിക മേഖലയോടുള്ള അവഗണന മൂലമാണ് മണിമല പഞ്ചായത്ത് സ്റ്റേഡിയം ആധുനിക രീതിയിൽ പുനരുദ്ധാരണം നടത്താത്തതെന്നു കായിക പ്രേമികൾ. മണിമല, വെള്ളാവൂർ ഗ്രാമപഞ്ചായത്ത് മേഖലയിലെ ഏറ്റവും വിശാലമായ സ്റ്റേഡിയമാണ് മണിമല മാർക്കറ്റ് ജംങ്ഷനിലേത്. മണിമലയാറിനു തീരത്തുള്ള ഈ സ്റ്റേഡിയം ഇപ്പോൾ കാട് കയറി മൂടിക്കിടക്കുകയാണ്. കാട് മൂടിയതോടെ മാലിന്യങ്ങളും ഇവിടേക്ക് തള്ളുന്നത് പതിവായിരിക്കുകയാണ്. സ്റ്റേഡിയം ആധുനിക രീതിയിൽ പുനരുദ്ധാരണം നടത്തിയാൽ മേഖലയിലെ കായിക വിദ്യാർത്ഥികൾക്കും യുവാക്കൾക്കും പരിശീലനത്തിനായി മറ്റൊരിടം അന്വേഷിക്കേണ്ട അവസ്ഥയുണ്ടാകില്ല. നിലവിൽ ഇവർ മറ്റു പ്രദേശങ്ങളിലുള്ള സ്ഥലങ്ങളിൽ പണം നൽകിയാണ് പരിശീലനം നടത്തുന്നത്. ദിവസേനയുള്ള യാത്രാ ചെലവും പരിശീലനത്തിനുള്ള തുകയും ഇവർക്ക് താങ്ങാവുന്നതിലുമപ്പുറമാണ്. സംസ്ഥാന സ്‌കൂള്‍ ടീമിലും, ജില്ലാ ക്രിക്കറ്റ് ടീമിലുമൊക്കെയിടം നേടിയ കുട്ടികള്‍ വരെ ഇതോടെ പരിശീലനത്തിന് സൗകര്യമില്ലാതെ ദുരിതത്തിലാണ്. മണിമലയിലെ പഞ്ചായത്ത് സ്റ്റേഡിയം ആധുനിക രീതിയില്‍ നിര്‍മിക്കാനുള്ള ഫണ്ട് അനുവദിക്കാന്‍ എംഎല്‍എയും എംപിയും തയാറാകണമെന്നാണ് കായികപ്രേമികളുടെ ആവശ്യം.
കായിക മേഖലയോട് അവഗണന; കാടുകയറി മണിമല പഞ്ചായത്ത് സ്റ്റേഡിയം, വിദ്യാർത്ഥികളും യുവാക്കളും മറ്റു സ്ഥലങ്ങളിൽ പണം നൽകി പരിശീലനം നടത്തേണ്ട ഗതികേടിൽ.