മണിമലയിൽ ബന്ധുക്കൾ തമ്മിലുള്ള തർക്കം പരിഹരിക്കാനെത്തിയ എസ് ഐ ക്ക് മർദനം, പ്രതി രക്ഷപ്പെട്ടു.


മണിമല: മണിമലയിൽ ബന്ധുക്കൾ തമ്മിലുള്ള തർക്കം പരിഹരിക്കാനെത്തിയ എസ് ഐ ക്ക് മർദനം. മണിമല പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മുക്കട കൂവക്കാവിൽ ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു സംഭവം.

 

 ബന്ധുക്കൾ തമ്മിലുള്ള തർക്കം പരിഹരിക്കാനെത്തിയ മണിമല പോലീസ് സ്റ്റേഷനിലെ എസ് ഐ ബോബി വർഗീസിനാണ് മർദ്ദനമേറ്റത്. കുടുംബക്കാർ തമ്മിലുള്ള തർക്കം മൂത്തതോടെ അയൽവാസികളാണ് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് മണിമല സ്റ്റേഷനിൽ നിന്നും എസ് ഐ ബോബിയും മറ്റു രണ്ടു പോലീസുകാരും സ്ഥലത്തെത്തി.

 

 തർക്കം സംഘർഷത്തിലേക്ക് മാറിയതോടെ തടയാനെത്തിയ എസ് ഐ യുടെ മുഖത്തിനു ഇടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. കുളഞ്ഞിക്കൊമ്പിൽ പ്രിൻസാണ് എസ് ഐ യുടെ മുഖത്ത് ഇടിച്ചു പരിക്കേൽപ്പിച്ചത്. പരിക്കേറ്റ എസ് ഐ ബോബി വർഗീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ് ഐ യെ ആക്രമിച്ച ശേഷം പ്രിൻസ് ഓടി രക്ഷപ്പെടുകയായിരുന്നു. ഒരു വർഷത്തിനിടെ 3 എസ് ഐ മാർക്കാണ് മണിമല പോലീസ് സ്റേഷനിൽ മർദനമേറ്റത്.