പൊന്തൻപുഴ വനത്തിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ മായാവി!


മണിമല: പൊന്തൻപുഴ വനത്തിൽ മാലിന്യം തള്ളുന്നവരെ ഇനി മായാവി പിടികൂടും. വനവും വനസമ്പത്തും വരും തലമുറയ്ക്കും വേണ്ടിയുള്ളതാണെന്നും വനം നാടിന്റെ സമ്പത്താണെന്നും പ്രകൃതിയിലെ കാലാവസ്ഥാ സന്തുലനത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്നതാണെന്നും നമ്മൾ പലപ്പോഴും മറന്നു പോകാറുണ്ട്. മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള ഇടമായാണ് ഇന്ന് പലരും വനങ്ങളെയും വാനപ്രദേശത്തെയും കാണുന്നത്. എന്നാൽ പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പ്ലാച്ചേരി മണിമല റോഡിലെ പൊന്തൻപുഴ വനത്തിൽ ഇനി മാലിന്യം തള്ളാൻ നിന്നാൽ മായാവിയുടെ പിടി വീഴും. manimala's active youth against violations and injustice (MAYAVI) എന്ന സംഘടനയാണ് മാലിന്യം തള്ളുന്നവരെ നിയമത്തിനു മുന്നിലെത്തിച്ചു ശിക്ഷ വാങ്ങി നൽകാനായി രംഗത്തിറങ്ങിയിരിക്കുന്നത്. പൊന്തൻപുഴ വനത്തിൽ ദിവസേന മത്സ്യ മാംസ മാലിന്യങ്ങളും മറ്റു ഗാർഹിക വ്യാപാര കേന്ദ്രങ്ങളിലെ മാലിന്യ നിക്ഷേപവും കൂടി വരികയാണ്. പൊതുജന പങ്കാളിത്തത്തോടെയാണ് മാലിന്യം തള്ളുന്നവരെ പിടികൂടാൻ മായാവി ശ്രമിക്കുന്നത്. വനത്തിൽ മാലിന്യം തള്ളുന്ന വ്യക്തികളുടെയോ വാഹനങ്ങളുടെയോ വ്യക്തമായ ചിത്രങ്ങൾ അയച്ചു നൽകാവുന്നതാണ്. ശക്തമായ തെളിവ് നൽകുന്ന ആദ്യ 5 പേർക്ക് മായാവി 2500 രൂപ പാരിതോഷികവും നൽകും. വിവരങ്ങളും ചിത്രങ്ങളും contact@mayaviglobal.com എന്ന ഇ-മെയിൽ വിലാസത്തിൽ നൽകാം. പുനലൂർ മൂവാറ്റുപുഴ ദേശീയപാതയിൽ പ്ലാച്ചേരി-പൊൻകുന്നം റീച്ചിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി നിരവധി പ്രക്ഷോഭങ്ങളും കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു.