മദ്യത്തിനും മയക്ക് മരുന്നിനും തീവ്രവാദത്തിനുമെതിരെ ക്രൈസ്തവ സഭ നടത്തുന്ന പോരാട്ടങ്ങളുടെയും ബോധവത്കരണത്തിന്റെയും തുടർച്ചയാണ് ബിഷപ്പിന്റെ പ്രസംഗത്തിൽ പ്


പാലാ: മയക്ക് മരുന്ന് വ്യാപാരം ഉൾപ്പെടെയുള്ള സാമൂഹ്യ തിന്മകൾ സമൂഹത്തിൽ വ്യാപിക്കുന്നതിന്റെ ആശങ്ക പ്രകടിപ്പിച്ച് കൊണ്ട് കേരള ക്രൈസ്തവ സഭാ വിശ്വാസികളോട് പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസംഗം ദുർവ്യാഖ്യാനം ചെയ്ത് വിവാദം സൃഷ്ടിക്കുന്നതിന് ഒരു വിഭാഗം നടത്തിയ നീക്കം തികച്ചും നിർഭാഗ്യകരമാണെന്ന് കേരളാ കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാനും പ്രതിപക്ഷ ചീഫ് വിപ്പുമായ അഡ്വ. മോൻസ് ജോസഫ് എംഎൽഎ പ്രസ്താവിച്ചു.

 

 പാലാ രൂപതയിലെ ഏറ്റവും പ്രധാനപ്പെട്ട ക്രൈസ്തവ കേന്ദ്രമായ കുറവിലങ്ങാട് പള്ളിയിൽ രൂപതാധ്യക്ഷന്റെ അപ്പസ്തോലിക ദൗത്യത്തിന്റെ ഭാഗമായി തന്റെ കീഴിലുള്ള വിശ്വാസ സമൂഹത്തോട് നടത്തിയ ഉദ്ബോധനത്തെ വിശ്വാസത്തിന്റെ ഭാഗമായും സഭാപരമായും കാണുന്നതിന് എല്ലാവരും തയ്യാറാകണം. ധാർമ്മിക മൂല്യങ്ങൾക്ക് വില കൽപ്പിക്കുന്ന ക്രൈസ്തവ സഭ ധാർമിക അധപതനത്തിനെതിരെ ജാഗ്രത പാലിക്കേണ്ടതിന്റെ അനിവാര്യതയാണ് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ചൂണ്ടിക്കാണിച്ചത്.

ഇക്കാര്യം നേരായ മാർഗ്ഗത്തിൽ വിലയിരുത്തിയാൽ വിവാദങ്ങൾ അവസാനിക്കുമെന്ന് മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി. ഭാരതീയ ദർശനങ്ങൾക്ക് വില കൽപ്പിച്ച് കൊണ്ട് മതസൗഹാർദ്ദ നിലപാട് ഏറ്റവും ശ്രേഷ്ഠമായ ഉയർത്തിപ്പിടിച്ചിട്ടുള്ള സഭാ പിതാക്കന്മാരിൽ മുൻനിരക്കാരനായിട്ടാണ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ കേരള സമൂഹത്തിൽ എന്നും കാണാൻ കഴിഞ്ഞിട്ടുള്ളതെന്ന മഹത്വം ആർക്കും വിസ്മരിക്കാൻ കഴിയില്ല. ക്രൈസ്തവ - ഹൈന്ദവ - ഇസ്ലാം മതമൈത്രിയുടെയും മനുഷ്യ സാഹോദര്യത്തിന്റെയും ഉറച്ചതും ഉദാത്തവുമായ നിലപാടാണ് ബിഷപ്പ് എന്നും സ്വീകരിച്ചിട്ടുള്ളത്.

ഇതോടൊപ്പം ക്രൈസ്തവ സഭാ വിശ്വാസികളുടെ ജീവിത വീക്ഷണത്തിൽ പുലർത്തേണ്ടതും സംരക്ഷിക്കേണ്ടതുമായ മൂല്യാധിഷ്ഠിത നിലപാടുകളെക്കുറിച്ച് സഭാത്മകമായി ബിഷപ്പ് വിശദീകരിച്ചതിനെ കുറ്റപ്പെടുത്താൻ ശ്രമിക്കുന്നവർ വസ്തുതകൾ വിസ്മരിക്കുന്നതായിട്ടാണ് കാണാൻ കഴിയുകയുള്ളൂ. മദ്യത്തിനും മയക്ക് മരുന്നിനും തീവ്രവാദത്തിനും എല്ലാം എതിരെ ക്രൈസ്തവ സഭ നടത്തി വരുന്ന പോരാട്ടങ്ങളുടെയും ബോധവത്കരണത്തിന്റെയും തുടർച്ചയാണ് ബിഷപ്പിന്റെ പ്രസംഗത്തിൽ പ്രതിഫലിക്കുന്നത്.

ഇക്കാര്യങ്ങളുടെ യാഥാർത്ഥ്യം ഉൾക്കൊണ്ട് വിവാദ പ്രതികരണങ്ങൾ അവസാനിപ്പിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. മതസൗഹാർദ്ദം സമൂഹത്തിൽ സംരക്ഷിക്കുന്നതിന് എല്ലാ വിഭാഗം ജനങ്ങളുടെയും ആത്മാർത്ഥമായ യോജിപ്പും ഹൃദയ ഐക്യവും ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു. ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായി അഡ്വ. മോൻസ് ജോസഫ് എംഎൽഎ പ്രസ്താവിച്ചു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവും നടത്തിയ പ്രതികരണങ്ങളോട് വിയോജിപ്പുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാലാ കുരിശുപള്ളി കവലയിൽ എസ്.എം.വൈ.എം നടത്തിയ ഉപവാസ പ്രാർത്ഥനാ യജ്ഞത്തിൽ പങ്കെടുത്ത് കൊണ്ട് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് നേതൃത്വം നൽകുന്ന പാർട്ടിയുടെ ഐക്യദാർഢ്യ നിലപാടും അഡ്വ. മോൻസ് ജോസഫ് പ്രസംഗത്തിൽ വ്യക്തമാക്കി. പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിനെ സന്ദർശിച്ച് ഐക്യദാർഢ്യ നിലപാട് മോൻസ് ജോസഫ് എംഎൽഎ നേരിട്ട് അറിയിക്കുകയും ചെയ്തു.