വൈക്കം: രാജ്യാന്തര ഫാഷൻ ഷോ മിസ്റ്റർ സുപ്രാനാഷണണൽ ഏഷ്യ വിഭാഗം കിരീടം കരസ്ഥമാക്കി വൈക്കം സ്വദേശി. വൈക്കം കിഴക്കേനട ചിറ്റേഴത്ത് രാജശേഖരന്റേയും സരോജത്തിന്റെയും മകൻ രാഹുൽ രാജശേഖരനാണ്(32) ഈ അഭിമാന നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്.
പോളണ്ടിലെ അഞ്ചാമത് മിസ്റ്റർ സുപ്രാനാഷണൽ മത്സരത്തിലാണ് ഏഷ്യ വിഭാഗം കിരീടം രാഹുൽ സ്വന്തമാക്കിയത്. ഓഗസ്റ്റ് 22 നായിരുന്നു മത്സരം. ബിസിനസ് മാനേജ്‌മെന്റിൽ ബിരുദധാരിയായ രാഹുൽ ബെംഗളുരുവിലാണ് താമസിക്കുന്നത്. നടനും മോഡലുമായ രാഹുൽ ഒരു പോഷകാഹാര വിദഗ്ധൻ കൂടിയാണ്.
സൂപ്പർ മോഡേണും ഉയർന്ന ഫാഷൻ ടെലിവിഷൻ പ്രൊഡക്ഷന്റെയും മത്സരങ്ങൾക്കിടയിൽ ഒരു വിപ്ലവം സൃഷ്ടിക്കുകയാണ് മിസ്റ്റർ സുപ്രാനാഷണൽ ലക്ഷ്യമിടുന്നത്. പോളണ്ടിൽ നടന്ന ആദ്യ മത്സരത്തിൽ 36 രാജ്യങ്ങളിൽ നിന്നുള്ളവരാണ് മത്സരിച്ചത്. മോഡലിംഗ്, ടെലിവിഷൻ മേഖലകളിലേക്ക് കഴിവുള്ളവരെ കണ്ടെത്തുകയും ഇതിലൂടെ സെലിബ്രിറ്റികളെ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് ഈ ഉദ്യമത്തിന് പിന്നിലെ ആശയം.