ഏഴ് കുടുംബങ്ങൾക്ക് പുതുജീവിതം നൽകി നേവിസ് യാത്രയായി, അന്ത്യാഞ്ജലികളർപ്പിച്ചു വീണാ ജോർജ്ജും വി എൻ വാസവനും.


കോട്ടയം: ഏഴ് കുടുംബങ്ങൾക്ക് പുതുജീവിതം നൽകി കോട്ടയം സ്വദേശിയായ നേവിസ് യാത്രയായി. എറണാകുളം രാജഗിരി ആശുപത്രിയില്‍ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം വടവാതൂർ കളത്തില്‍പടി ചിറത്തിലത്ത് ഏദന്‍സിലെ നേവിസിന്റെ(25) അവയവങ്ങളാണ് വിഷമഘട്ടത്തിലും മൃതസഞ്ജീവനി വഴി കുടുംബാംഗങ്ങൾ ദാനം ചെയ്തത്. നേവിസിന്റെ സംസ്കാര ചടങ്ങിൽ ആരോഗ്യ മന്ത്രി വീണാ ജോർജ്ജും രജിസ്‌ട്രേഷൻ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവനും സർക്കാരിനെ പ്രതിനിധീകരിച്ച് അന്ത്യാഞ്ജലികളർപ്പിച്ചു. സംസ്കാരം സെന്റ്.തോമസ് കത്തോലിക്കാ പള്ളിയിൽ നടന്നു. സമൂഹത്തിനു മാതൃകയാണ് നേവിസിന്റെ മാതാപിതാക്കൾ എന്നും ഏറെ സങ്കടമനുഭവിച്ച വിഷമഘട്ടത്തിലും മകന്റെ അവയവങ്ങൾ ദാനം ചെയ്ത മാതാപിതാക്കളെ സര്‍ക്കാരിന്റെ എല്ലാ ആദരവും അറിയിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. നേവിസിന്റെ കുടുംബത്തിന്റെ സത്പ്രവർത്തിയെ ആയിരിക്കുമെന്നു രജിസ്‌ട്രേഷൻ-സഹകരണ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. വടവാതൂർ കളത്തില്‍പടി ചിറത്തിലത്ത് സാജന്‍ മാത്യുവിനേയും ഷെറിനേയും മകനാണ് നേവിസ്. ഫ്രാന്‍സില്‍ അക്കൗണ്ടിംഗ് മാസ്റ്ററിന് പഠിക്കുകയായിരുന്നു നേവിസ്. കോവിഡ് കാരണം ഓണ്‍ലൈനായാണ് ക്ലാസ് ആയിരുന്നതിനാൽ വീട്ടിലായിരുന്നു നേവിസ്. കഴിഞ്ഞ 16നാണ് സംഭവമുണ്ടായത്. രാത്രിയുള്ള പഠനം കഴിഞ്ഞിട്ട് പിറ്റേന്നു നേവിസ് ഉണരാന്‍ വൈകിയിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുന്ന സഹോദരി വിസ്മയ വിളിച്ചുണര്‍ത്താന്‍ ചെന്നപ്പോള്‍ അബോധാവസ്ഥയിലായിരുന്നു നേവിസ്. ഉടന്‍ തന്നെ കോട്ടയം കാരിത്താസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴ്ന്നതുമൂലമുള്ള പ്രശ്‌നമായിരുന്നു. ആരോഗ്യ നിലയില്‍ മാറ്റമില്ലാഞ്ഞതിനെ തുടർന്ന് ഈ മാസം 20-ാം തീയതി എറണാകുളം രാജഗിരി ആശുപത്രിയില്‍ എത്തിച്ചു. മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെ നേവിസിന്റെ അച്ഛനും അമ്മയും സ്വമേധയാ അവയവദാനത്തിന് മുന്നോട്ട് വരികയായിരുന്നു. ഹൃദയം, കരള്‍, കൈകള്‍, രണ്ട് വൃക്കകള്‍, കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്തത്. കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെ.എന്‍.ഒ.എസ്.) വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്.