പള്ളിത്തർക്ക കേസ്: ഓർത്തഡോക്സ്-യാക്കോബായ വിഭാഗങ്ങൾ തമ്മിൽ സംഘർഷമില്ലാതെ കോടതി വിധി നടപ്പിലാക്കും; സർക്കാർ.


എറണാകുളം: ഓർത്തഡോക്സ്-യാക്കോബായ വിഭാഗങ്ങൾ തമ്മിൽ സംഘർഷമില്ലാതെ കോടതി വിധി നടപ്പിലാക്കും എന്ന് സർക്കാർ ഹൈക്കോടതിയിൽ. ഓർത്തഡോക്സ്-യാക്കോബായ പള്ളിത്തർക്ക കേസിൽ കോടതി ഉത്തരവുകൾ അടിയന്തരമായി നടപ്പിലാക്കണമെന്ന് സർക്കാരിന് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഉത്തരവ് നടപ്പിലാക്കാത്തത് എന്ത് കാരണത്താലാണെന്നും സർക്കാർ നിലപാട് ഈ മാസം 29 നു മുൻപ് അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങൾ സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. സുപ്രീംകോടതിയുടെ ഉത്തരവ് ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്നും യാതൊരു വീഴ്ചയും വരുത്തിയിട്ടില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 13 പള്ളികളിൽ ഇതിനോടകം തന്നെ ഉത്തരവ് നടപ്പിലാക്കിയതായും ഇരു വിഭാഗങ്ങൾ സംഘടിക്കുന്നത് അക്രമങ്ങൾക്ക് വഴിവെയ്ക്കുന്നതായും കൂട്ടം കൂടുന്നത് കോവിഡ് രോഗവ്യാപനത്തിനു ഇടയാക്കുമെന്നും സർക്കാർ  ഹൈക്കോടതിയിൽ പറഞ്ഞു. പള്ളിയിൽ പ്രവേശിക്കാൻ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു 6 ഓർത്തഡോക്സ് പള്ളിക്കമ്മറ്റികൾ നൽകിയ ഹർജിയിലാണ് വിധി നടപ്പിലാക്കാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകിയത്.