കോട്ടയം: വിനായക ചതുർഥി മഹോത്സവത്തോടാനുബന്ധിച്ച് മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെത്തിയ മുൻ പൂഞ്ഞാർ എം എൽ എ പി സി ജോർജ് ഗജവീരന്മാരുടെ കൊമ്പിൽ പിടിച്ചതിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടു ഹെറിറ്റേജ് അനിമൽ ടാസ്ക് ഫോഴ്സ്.
പി സി ജോജിജ്ജിനെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നാണ് ഹെറിറ്റേജ് അനിമൽ ടാസ്ക് ഫോഴ്സ് ഫേസ്ബുക്ക് പേജിലൂടെ ആവശ്യം പങ്കുവെച്ചിരിക്കുന്നത്. ആവശ്യവും ഇതിനുള്ള മറുപടിയും കമന്റ് ബോക്സുകളിൽ കുമിഞ്ഞു കൂടിയതോടെ പോസ്റ്റും ആരാധകരുടെ കമന്റുകളും ഫേസ്ബുക്കിൽ വൈറലായി മാറാൻ അധികനേരം വേണ്ടി വന്നില്ല.
വിനായക ചതുർഥി മഹോത്സവത്തോടാനുബന്ധിച്ച് മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെത്തിയ പി സി ജോർജ് ഗജവീരന്മാർക്ക് ഭക്ഷണം നൽകുകയും കൊമ്പിൽ പിടിക്കുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങൾ പൂഞ്ഞാർ ആശാൻ പി സി ജോർജ് എന്ന ഫേസ്ബുക്ക് പേജിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തിരുന്നു. ആനയുടെ കൊമ്പിൽ പിടിക്കാൻ ഒന്നാം പാപ്പാന് മാത്രമാണ് അധികാരമുള്ളതെന്നും ഇക്കാരണത്താൽ പി സി ജോർജ്ജിനെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നുമാണ് ഹെറിറ്റേജ് അനിമൽ ടാസ്ക് ഫോഴ്സ് ഫേസ്ബുക്ക് പേജിലൂടെ ആവശ്യപ്പെട്ടത്. '' മിസ്റ്റർ പികെ വെങ്കിടാചലം നീ സായിപ്പിനെയും മദാമ്മയെയും പറ്റിച്ചു ജീവിക്കുന്ന പണിയുമായി പിസി ടെ അടുത്തോട്ടു വരണ്ട. പത്ത് മുപ്പത് ആനയുള്ള പ്ലാത്തോട്ടത്തിൽ തറവാട്ടിൽ പിറന്ന ആണൊരുത്തൻ തന്നെയാ പിസി ജോർജ്'' എന്ന മാസ് മറുപടിയോടെയാണ് പൂഞ്ഞാർ ആശാൻ പി സി ജോർജ് എന്ന പേജിൽ സ്ക്രീൻഷോട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതൊക്കെ പേരെടുക്കാനായി ഓരോരുത്തർ കാട്ടിക്കൂട്ടുന്നതാണെന്നായിരുന്നു പി സി ജോർജ്ജിന്റെ മറുപടി. നിരവധിപ്പേരാണ് പേജിൽ കമന്റുകൾ രേഖപ്പെടുത്തുന്നത്.