കോട്ടയം: ജന്മനാടായ പാലായ്ക്കും ഒപ്പം കോട്ടയത്തിനും അഭിമാന നിമിഷങ്ങൾ സമ്മാനിച്ചു ജനീവയിൽ കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ചു ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച പൊതുചർച്ചയിൽ അമേരിക്കയെ പ്രതിനിധീകരിച്ച് ആമുഖ പ്രഭാഷണം നടത്തി എയ്മിലിൻ റോസ് തോമസ്.
കഴിഞ്ഞ ദിവസങ്ങളിലായി ഐക്യരാഷ്ട്രസഭ കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ചു ജനീവയിൽ ഓൺലൈനായി നടത്തിയ പൊതു ചർച്ചയിലാണ് പാലാ സ്വദേശിനിയും 17 കാരിയുമായ എയ്മിലിൻ അമേരിക്കയെ പ്രതിനിധീകരിച്ച് ആമുഖ പ്രഭാഷണം നടത്തിയത്. ഐക്യരാഷ്ട്ര സഭയുടെ ചർച്ചയിൽ പങ്കെടുക്കാൻ താത്പര്യം പ്രകടിപ്പിച്ച വിവിധ രാജ്യങ്ങളിലെ 250 ലധികം കുട്ടികളിൽ നിന്നുമാണ് കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ചു ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച എൺപത്തിയൊന്നാമത് പൊതുചർച്ചയിൽ പങ്കെടുത്ത് എയ്മിലിൻ റോസ് തോമസ് ഈ നേട്ടത്തിന് അർഹയായത്.
കുട്ടികളുടെ അവകാശങ്ങൾക്കായുള്ള ഐക്യരാഷ്ട്ര സമിതി 2 വർഷത്തിലൊരിക്കൽ നടത്തുന്ന പൊതു ചർച്ചയാണ് സെപ്റ്റംബർ 16,17 തീയതികളിൽ നടന്നത്. അമേരിക്കയിലെ ഫിലഡെൽഫിയായിൽ താമസിക്കുന്ന പാലാ ആവിമൂട്ടിൽ ജോസ് തോമസ് - മെർളിൻ ദമ്പതികളുടെ മകളാണ് എയ്മിലിൻ. പ്രത്യേക കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചാണ് എയ്മിലിൻ ചർച്ചയിലെ ആമുഖ പ്രഭാഷണത്തിൽ സംസാരിച്ചത്. കുട്ടികളുടെ അവകാശ സമിതിയുടെ യുഎൻ ചെയർമാൻ, അസോസിയേറ്റ് ഡയറക്ടറും യൂണിസെഫിന്റെ ആഗോള മേധാവിയും കുട്ടികൾക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ച കാര്യങ്ങളുടെ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധി എന്നിവരായിരുന്നു ചർച്ചയിൽ പങ്കെടുത്തത്. പ്രത്യേക കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും അവരുടെ പ്രശ്നങ്ങളുമായിരുന്നു ഈ വർഷത്തെ വിഷയം. എയ്മിലിനു ഈ വിഷയം വളരെയധികം പ്രത്യേകതയുള്ളതായിരുന്നു, കാരണം എയ്മിലിന്റെ 10 വയസ്സുള്ള സഹോദരൻ ഇമ്മാനുവേൽ പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടിയായിരുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിക്കുന്ന കാർഡിയോഫാസിയോക്യുട്ടേനിയസ് സിൻഡ്രോം എന്ന അപൂർവ ജനിതകമാറ്റമുള്ള അവസ്ഥയിലായതിനാൽ പ്രത്യേക പരിചരണം ആവശ്യമായിരുന്നു.