നിർമ്മാണം പൂർത്തീകരിക്കും മുൻപ് ചോരക്കറ വീണു പൊൻകുന്നം-പ്ലാച്ചേരി റോഡ്, ഇതുവരെ 2 അപകടങ്ങളിലായി 3 മരണം.


മണിമല: നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന പുനലൂർ-മൂവാറ്റുപുഴ പാതയുടെ പ്ലാച്ചേരി-മണിമല റോഡിൽ നിർമ്മാണം പൂർത്തീകരിക്കും മുൻപേ അപകടപ്പെരുമഴ. റോഡ് നവീകരിച്ചതോടെ നിരവധി ചെറുതും വലുതുമായ അപകടങ്ങളാണ് പാതയിൽ ഉണ്ടാകുന്നത്. ഇതുവരെ പ്ലാച്ചേരി-മണിമല റോഡിൽ 2 വാഹനാപകടങ്ങളിലായി 3 ജീവനുകളാണ് പൊലിഞ്ഞത്. പ്ലാച്ചേരി മുതൽ പൊൻകുന്നം വരെയുള്ള റോഡിന്റെ നിർമ്മാണത്തിൽ അശാസ്ത്രീയതയുണ്ടെന്നു ചൂണ്ടിക്കാട്ടി നിരവധി പരാതികളും ഒപ്പം പ്രതിഷേധ സംഘടനകളും രംഗത്തുണ്ട്. റോഡിന്റെ വിവിധ ഭാഗങ്ങളിൽ അപകടം പതിയിരിക്കുന്ന വളവുകൾ നിവർത്തിയിട്ടില്ല. ഫുട്പാത്തുകളുടെയും ഓടകളുടെയും നിർമ്മാണത്തിൽ പോലും വിവിധ സ്ഥലങ്ങളിൽ അപാകതകളുണ്ട്. പൊന്തൻപുഴയ്ക്ക് സമീപമുണ്ടായ ഇരുചക്ര വാഹനാപകടത്തിലാണ് ആദ്യ മരണം ഉണ്ടായത്. കഴിഞ്ഞ ഹർത്താൽ ദിനത്തിലാണ് മണിമലയിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയിൽ കാറിടിച്ച് യുവാവും ബന്ധുവായ യുവതിയും മരിച്ചത്. ഇതിനോടകം തന്നെ പാതയിൽ നിരവധി അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. വിവിധ അപകടങ്ങളിലായി നിരവധിപ്പേർക്ക് പരിക്കുമേറ്റിട്ടുണ്ട്. ശ്രദ്ധ അല്പമൊന്നു പാളിയാൽ അപകടക്കെണിയാണ് പ്ലാച്ചേരി-പൊൻകുന്നം റോഡിൽ. 12 ലധികം അപകടവളവുകളാണ് പാതയിലുള്ളത്.