എരുമേലി: എരുമേലി വെച്ചൂച്ചിറ പെരുന്തേനരുവി വെള്ളച്ചാട്ടത്തിൽ മരിച്ച എബി സാജന്റെ മരണത്തിൽ ദുരൂഹത ആരോപിച്ചു കുടുംബം. മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നു പിതാവ് സാജൻ,മാതാവ് ബിനി സാജൻ എന്നിവർ ആരോപിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു കുടുംബം പത്തനംതിട്ട ഡിവൈഎസ്പി ക്ക് പരാതി നൽകി. കഴിഞ്ഞ ജൂൺ 18 നാണു സംഭവം ഉണ്ടായത്. പെരുന്തേനരുവിയിൽ വെള്ളച്ചാട്ടം കാണാനെത്തിയ പൊൻകുന്നം ചിറക്കടവ് തുറവതുക്കൽ സാജന്റെ മകൻ എബിയെ(21)യാണ് വെള്ളച്ചാട്ടത്തിൽ വീണു മരിച്ചത്. സെൽഫി എടുക്കുന്നതിനിടെ കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു എന്നായിരുന്നു പ്രാഥമിക നിഗമനം. മൂന്നാം ദിവസത്തെ തെരച്ചിലിനൊടുവിലാണ് എബിയുടെ മൃതദേഹം കണ്ടെത്താനായത്. ഈ സംഭവത്തിലാണ് ഇപ്പോൾ ദുരൂഹത ആരോപിച്ചു പിതാവും മാതാവും രംഗത്തെത്തിയിരിക്കുന്നത്. എബിയുടെ സഹോദരി, സഹോദരിയുടെ ഭർത്താവ്, ബന്ധുക്കളുമടങ്ങുന്ന 6 അംഗ സംഘമാണ് വെല്ലസിച്ചാട്ടം കാണാൻ എത്തിയതെന്നാണ് എഫ്ഐആർ ൽ പറയുന്നത്. അപകട സമയവും കാരണവും എഫ്ഐആർ ൽ പറയുന്നത് അല്ല എന്നും മാതാപിതാക്കൾ പറയുന്നു. ഇവർക്കൊപ്പം ഉണ്ടായിരുന്ന 2 പേരുടെ പേരുകൾ എഫ്ഐആർ ൽ ചേർത്തിട്ടില്ല എന്നും സെൽഫി എടുക്കാൻ പാറക്കെട്ടുകളിലേക്ക് ഇറങ്ങിയ എബിയുടെ ഫോൺ സംഘത്തിലുണ്ടായിരുന്ന പെൺകുട്ടിയുടെ കൈവശം എങ്ങനെ വന്നു എന്നുമാണ് മാതാപിതാക്കൾ ചോദിക്കുന്നത്. സെൽഫി എടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞതെന്നും പിതാവ് സാജൻ പറഞ്ഞു. പെരുംതേനരുവിക്ക് സമീപ മേഖലയിൽ താമസിക്കുന്നവരായിരുന്നു എബിക്ക് ഒപ്പമുണ്ടായിരുന്നതെന്നും അപകട സാധ്യത എന്തുകൊണ്ട് പറഞ്ഞു മനസ്സിലാക്കിയില്ല എന്നും പിതാവ് ചോദിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് കുടുംബം.
പെരുന്തേനരുവി വെള്ളച്ചാട്ടത്തിൽ മരിച്ച എബി സാജന്റെ മരണത്തിൽ ദുരൂഹത ആരോപിച്ചു കുടുംബം.